തിരൂർ: ഓടിക്കൊണ്ടിരിക്കെ മംഗള- നിസാമുദ്ദീൻ എക്സ്പ്രസിൽ തീപിടിത്തം. എറണാകുളത്തുനിന്ന് പുറപ്പെട്ട ട്രെയിൻ ചൊവ്വ വൈകിട്ട് 4.50ഓടെ തിരൂർ സ്റ്റേഷന് ഒരുകിലോമീറ്റർമുമ്പ് മുത്തൂർ വിഷുപ്പാടത്ത് എത്തിയപ്പോഴാണ് അവസാന ബോഗിയായ ലഗേജ് കം ബ്രേക്ക് വാനിന്റെ അടിയിൽനിന്ന് വൻതോതിൽ തീയും പുകയുമുയർന്നത്. പരിഭ്രാന്തരായ യാത്രക്കാർ ട്രെയിൻ നിർത്തിയതോടെ ചാടിയിറങ്ങി. ട്രെയിൻ എൻജിനിയറടക്കമുള്ള ഉദ്യോഗസ്ഥർ അഗ്‌നിശമന ഉപകരണവും നാട്ടുകാർ നൽകിയ വെള്ളവും ഉപയോഗിച്ച് തീയണയ്ക്കുകയായിരുന്നു.

പരിശോധനയ്ക്കുശേഷം അരമണിക്കൂർ കഴിഞ്ഞ് 5.20ഓടെയാണ് ട്രെയിൻ പുറപ്പെട്ടത്. ട്രെയിനിന്റെ ബ്രേക്കർ ജാമായതിനെ തുടർന്ന് തീപ്പൊരി ചിതറി തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഈ ബോഗി എല്ലാ സ്റ്റേഷനിലും എത്തുമ്പോൾ പരിശോധിക്കാൻ നിർദ്ദേശം നൽകി. അപകടത്തിനുപിന്നാലെ മറ്റ് ട്രെയിനുകൾ വേഗംകുറച്ചു.

തിരൂർ ഡിവൈഎസ്‌പി കെ എം ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം തിരൂർ റെയിൽവേ സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു. ട്രെയിനിലും പൊലീസ് പരിശോധന നടത്തി. യാത്രക്കാർ ഇല്ലാത്ത കോച്ചായതിനാൽ വൻ അപകടമാണ് ഒഴിവായത്.