- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഹാ... കൊച്ചി.... അത്ഭുതങ്ങളുടെ പൂക്കാലം വരവായി; 40-ാമതുകൊച്ചിൻ ഫ്ളവർ ഷോ ഡിസംബർ 22 മുതൽ; സ്വാഗതസംഘം ഓഫീസ് തുറന്നു
കൊച്ചി: എറണാകുളം ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അഥോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 40-ാമതുകൊച്ചിൻ ഫ്ളവർ ഷോ എറണാകുളം മറൈൻ ഡ്രൈവിൽ ഡിസംബർ 22 മുതൽ 2024 ജനുവരി 1 വരെ. കൊച്ചിൻ ഫ്ളവർ ഷോ സ്വാഗതസംഘം ഓഫീസ് ജില്ലാ കളക്ടറും എറണാകുളം ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി ചെയർമാനുമായ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി വൈസ് ചെയർമാൻ വി കെ കൃഷ്ണൻ ആമുഖപ്രസംഗം നടത്തി. 40 വർഷങ്ങളായി കൊച്ചി ഫ്ളവർ ഷോയുടെ സംഘാടകനും ലാൻഡ്സ്‌കെപ്പറുമായ പ്രൊഫ. വി ഐ ജോർജ് സന്നിഹിതനായി.
പൂക്കളുടെ അത്ഭുതലോകം കുറച്ച് ദിവസങ്ങൾക്കപ്പുറം പൊതുജനങ്ങൾക്ക് ആസ്വദിക്കാനാകും. കൊച്ചി നാളിതുവരെ കാണാത്ത വ്യത്യസ്ത തരം പൂക്കൾ കൊണ്ടും പൂക്കളുടെ വൈവിധ്യമാർന്ന നിറസുഗന്ധ ബാഹുല്യം കൊണ്ടും അവിസ്മരണീയത തീർക്കുന്ന വർണ പ്രപഞ്ചമാണ് മറൈൻ ഡ്രൈവിന്റെ മണ്ണിൽ ഒരുങ്ങുന്നത്. കൊച്ചിയുടെ ചരിത്രത്തിലെ ഏറ്റവും വിപുലമായ ഫ്ളവർ ഷോ ആയിരിക്കും ഇത്.
5000 നുമേൽ ഓർക്കിഡുകൾ, 1000 അഡീനിയം, ഗ്രാഫ്റ്റ് ചെയ്ത പല വർണ്ണത്തിലുള്ള മൂൺ ക്യാക്ടസ്, ആകർഷകമായ ഡിസൈനുകളിൽ ക്രമീകരിച്ച 30000 വാർഷിക പൂച്ചെടികൾ, 6000 ചതു.അടിയിൽ തയ്യാറാക്കിയ പുഷ്പാലങ്കാരം, 10 അടി വലുപ്പത്തിലുള്ള വെജിറ്റബിൾ കാർവിങ്, പല തരം പ്രാണിപിടിയൻ ചെടികൾ, റോസാ ചെടികൾ, മിനി ആന്തൂറിയം, മാതൃക പൂന്തോട്ടം, ടോപിയറി മരങ്ങൾ കൊണ്ടുള്ള ഉദ്യാനം, വിദേശി പഴചെടികളുടെ ഉദ്യാനം എന്നിങ്ങനെ വിപുലവും കൂടുതൽ ആകർഷകവുമായിരിക്കും ഈ വർഷത്തെ കൊച്ചിൻ ഫ്ളവർ ഷോ. ഉദ്യാന ചെടികളുടെ വിപണത്തിനായി കേരളത്തിന് പുറത്തുനിന്നും ഉള്ള നഴ്സറികൾ ഉൾപ്പടെ നഴ്സറികളുടെ നീണ്ട നിരയുണ്ട്. സന്ദർശകരുടെ ഉദ്യാനസംബന്ധിയായ സംശയനിവാരണത്തിനായി സംസ്ഥാന കൃഷിവകുപ്പിന്റെ 'അഗ്രി ക്ലിനിക്' ഷോഗ്രൗണ്ടിൽ പ്രവർത്തിക്കും. കൊച്ചിൻ ഷിപ്പ് യാർഡ്, കൊക്കോനട്ട് ഡെവലൊപ്മെന്റ് ബോർഡ്, കയർ ബോർഡ്, എം. പി.ഇ.ഡി.എ, സ്‌പൈസസ് ബോർഡ് തുടങ്ങി വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും മേളയുടെ ഭാഗമാകുന്നു.
ജിസിഡിഎ സെക്രട്ടറി ടി.എൻ രാജേഷ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. ജിസിഡിഎ സീനിയർ ടൗൺ പ്ലാനർ എം.എം ഷീബ, ടൗൺ പ്ലാനർ എസ്.സുഭാഷ്, അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി സെക്രട്ടറി ടി.എൻ സുരേഷ്, ജോയിന്റ് സെക്രട്ടറി എൻ.കെ ശശികല, ട്രഷറർ ഏർണി ഇ പോൾ, ജിസിഡിഎ ഉദ്യോഗസ്ഥർ, സൊസൈറ്റി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.