- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ മാധ്യമങ്ങൾ എന്ന പേരിൽ എല്ലാവരും വരികയാണ്; അനുവാദം വാങ്ങി ദൃശ്യങ്ങൾ എടുക്കുന്നതിൽ തെറ്റില്ല; അനുവാദം ഇല്ലാതെ കയറിയിറങ്ങുന്നത് സപ്ലൈകോയെ തകർക്കും; വിചിത്ര ഉത്തരവിൽ ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം, സപ്ലൈകോയ്ക്കും കഷ്ടകാലമാണ്. സബ്‌സിഡി സാധനങ്ങൾ പലതും ഔട്ട്‌ലെറ്റുകളിൽ കിട്ടാനില്ല. ഈ പശ്ചാത്തലത്തിൽ, മാധ്യമങ്ങളെ ഔട്ട്ലറ്റുകളിൽ പ്രവേശിപ്പിക്കരുതെന്നും ദൃശ്യങ്ങളെടുക്കാൻ അനുവദിക്കരുതെന്നും സപ്ലൈകോ എംഡി ശ്രീരാം വെങ്കിട്ടരാമൻ ഉത്തരവ് ഇറക്കിയിരുന്നു. സബ്സിഡി തുക കുറയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനപ്രകാരം ബുധനാഴ്ച മുതൽ കൂടി വില ഔട്ട്ലറ്റുകളിൽ പ്രാബല്യത്തിൽ വന്നു. ഇതിന്റെ തൊട്ടുതലേന്നാണ് വിചിത്രമായ സർക്കുലർ എം.ഡി ഇറക്കിയത്. സപ്ലൈകോ എംഡിയുടെ ഉത്തരവിനെ ന്യായീകരിച്ച് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പ്രതികരിച്ചു.
മാധ്യമങ്ങളെന്നുപറഞ്ഞ് വരുന്ന എല്ലാവരേയും സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിൽ കയറ്റിവിടാനാകില്ല. ഓൺലൈൻ മാധ്യമങ്ങൾ എന്ന പേരിൽ എല്ലാവരും വരികയാണ്. അനുവാദം വാങ്ങി ദൃശ്യങ്ങൾ എടുക്കുന്നതിൽ തെറ്റില്ല. അനുവാദം ഇല്ലാതെ കയറിയിറങ്ങാൻ കഴിയുന്ന അവസ്ഥ ഉണ്ടായാൽ സ്ഥാപനത്തെ അത് തകർക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
'വലിയ റീട്ടെയിൽ ശൃംഖലകളോട് മത്സരിച്ചാണ് സംസ്ഥാനത്തുടനീളം ഈ മേഖലയിൽ സപ്ലൈകോ പ്രവർത്തിക്കുന്നത്. സപ്ലൈകോയുടെ പ്രതിച്ഛായയും പ്രശസ്തിയും കളങ്കപ്പെടുത്താൻ ബോധപൂർവ്വമായി നടത്തുന്ന പ്രവർത്തനങ്ങൾ വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ അനുമതിയില്ലാതെ മാധ്യമങ്ങൾ ഉൾപ്പെടെ പുറത്തുനിന്നുള്ളവർ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് അനുവദിക്കരുത്. സപ്ലൈകോയെക്കുറിച്ചുള്ള ധാരണകൾ കൂടുതൽ മോശമാക്കുമെന്നതിനാൽ ജീവനക്കാർ അത്തരത്തിലുള്ള അഭിമുഖങ്ങൾ നൽകരുത്. ഇക്കാര്യങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുത്തണം. നിർദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ അച്ചടക്കനടപടിയുണ്ടാവും'- ഉത്തരവിൽ പറയുന്നു.
സപ്ലൈകോയിൽ 13 അവശ്യസാധനങ്ങൾ ഇല്ലാത്ത അവസ്ഥ നാട്ടുകാർ അറിയാതിരിക്കാനാണ് ഉത്തരവെന്നും ആക്ഷേപമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ