- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിണറ്റിൽ ചാടിയ കുറുക്കനെ വീട്ടുകാരും നാട്ടുകാരും ചേർന്ന് കയറിൽ കുരുക്കിട്ട് കരയ്ക്കു കയറ്റി; ബന്ധിച്ചിരുന്ന കയർ കടിച്ചു മുറിച്ച് കുറുക്കൻ രക്ഷപെട്ടു
കോതമംഗലം: കിണറ്റിൽ ചാടിയ കുറുക്കനെ വീട്ടുകാരും നാട്ടുകാരും ചേർന്ന് കയറിൽ കുരുക്കിട്ട് കരയ്ക്കു കയറ്റി. താമസിയാതെ ബന്ധിച്ചിരുന്ന കയറും കടിച്ചു മുറിച്ച് കുറുക്കൻ തടിതപ്പി. കോതമംഗലത്തിനടുത്ത് ചെറുവട്ടൂരിൽ ആണ് സംഭവം. അടിവാട്ട് കാവിന്‌സമീപം താമസിക്കുന്ന സ്‌കൂൾഅദ്ധ്യാപകനായ സ്രാമ്പിക്കൽ ഇല്യാസിന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് ഇന്ന് രാവിലെ കുറുക്കനെ കണ്ടത്.
വീട്ടിലേയ്ക്ക് കിണറ്റിൽ നിന്നും മോട്ടോർ വഴിയാണ് വെള്ളം എത്തിച്ചിരുന്നത്. രാവിലെ മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം എത്തിച്ചപ്പോൾ കലങ്ങിയതായി ഇല്യാസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതിന്റെ കാരണം തിരക്കി കിണറിനടുത്തെപ്പോൾ മൂടിയിരുന്ന നെറ്റ് മാറിക്കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കിണറിൽ നോക്കിയപ്പോൾ മോട്ടോറുമായി ബന്ധിച്ചിരുന്ന ഓസിൽ അനക്കം കണ്ടു. തുടർന്ന് സൂക്ഷമായി നിരീക്ഷിച്ചപ്പോഴാണ് കിണറ്റിലുള്ളത് കുറക്കനാണെന്ന് ഇല്യാസിന് വ്യക്തമായത്.
തുടർന്ന് ചൂരകൊട്ടയിൽ കയർ കെട്ടി ,കല്ലും ഇട്ട് വെള്ളത്തിൽ താഴ്‌ത്തി കുറുക്കനെ കരയ്‌ക്കെത്തിക്കാനായി ഇല്യാസിന്റെ ശ്രമം. സഹായത്തിനായി കിണറിൽ ഇറങ്ങി പരിചയമുള്ള അയൽവാസിയേയും കൂട്ടി. ഈ ശ്രമം പരാജയപെട്ടതോടെ കുറുക്കനെ കയർ ഉപയോഗിച്ച് കുരുക്കു തീർത്ത് കരയിൽ എത്തിക്കാനായി നീക്കം.
അൽപ്പ സമയത്തെ പരിശ്രമത്തിൽ ഈ നീക്കം വിജയിച്ചു. ഇതിനകം വീട്ടുകാർ വിവരം കോതമംഗലത്തെ വനം വകുപ്പ് ഓഫീസിലും അറിയിച്ചിരുന്നു.
കരയ്‌ക്കെത്തിച്ച കുറുക്കനെ കഴുത്തിലെ കയർ കുരുക്കടക്കം കിണറിന് സമീപത്തെ മരത്തിലാണ് ബന്ധിച്ചിരുന്നത്.
വനം വകുപ്പ് ഉദ്യോഗസ്ഥരെ ത്തി കുറുക്കനെ കൊണ്ടുപോകുമെന്നും ഏതെങ്കിലും വനമേഖലയിലേയ്ക്ക് തുറന്നുവിടുമെന്നുമായിരുന്നു വിട്ടുകാരുടെയും നാട്ടുകാരുടെയും പ്രതീക്ഷ. പിന്നീട് വീട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതും കാത്തിരിപ്പായി വീട്ടുകാരും അയൽവാസികളിൽ ചിലരും.ഇതിനിടയിൽ കുറുക്കൻ കഴുത്തിൽ ബന്ധിച്ചിരുന്ന സാമാന്യം വലിപ്പമുള്ള കയറിൽ കടിക്കുന്നുണ്ടായിരുന്നു.
ഈ സ്ഥിതിയിൽ ഏതാണ്ട് ഒരു മണിക്കൂറോളം പിന്നിട്ടപ്പോൾ കുറക്കന്റെ കഠിന പ്രയത്‌നത്തിൽ കയർ രണ്ടു കഷണമായെന്നും അടുത്ത നിമിഷം കുറുക്കൻ ഇവിടെ നിന്നും ഓടി രക്ഷപെട്ടു എന്നും ഇല്യാസ് പറയുന്നു. കഴുത്തിലെ കയർ കുരുക്കും കൊണ്ടാണ് കുറുക്കൻ രക്ഷപെട്ടത്. ഇത് മിണ്ടാപ്രാണിയുടെ ജീവന് ഭീഷിണിയാവുമോ എന്ന ഭയപ്പാടിലാണ് മൃഗ സ്‌നേഹികൾ .പരിസര പ്രദേശങ്ങളിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്തിയിട്ടില്ല.
മറുനാടന് മലയാളി ലേഖകന്.