മലപ്പുറം: വീട്ടിലെ ദുർമരണങ്ങളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ പൂജ നടത്താനെന്ന പേരിൽ വീട്ടിലെത്തി 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വ്യാജ പൂജാരി എടവണ്ണയിൽ അറസ്റ്റിൽ. മലപ്പുറം എടവണ്ണയിലെ വീട്ടിലെത്തിയ എടക്കര സ്വദേശി ഷിജു (35) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 29-നാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തിൽ ദുർമരണം നടക്കുന്നത് തടയാമെന്നും പലതരത്തിലും മറ്റു നേട്ടങ്ങൾ ഉണ്ടാകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഷിജു മന്ത്രവാദം ആരംഭിച്ചത്.

തുടർന്ന് വീട്ടിലെത്തിയ ഇയാൾ അമ്മയോടും, 16 കാരിയായ മകളോടും മോശമായി പെരുമാറുകയും വശീകരിക്കാൻ ശ്രമിക്കുകയുമായിരുന്നു. പത്തുവർഷമായി എടവണ്ണയിൽ താമസിക്കുകയായിരുന്ന പ്രതി എടക്കര സ്വദേശി ഷിജു. എടവണ്ണയിൽ സ്റ്റീൽ വസ്തുക്കൾ കച്ചവടം നടത്തി വരുന്നതിനിടയിലാണു പ്രതി വട്ടുകാരുമായി പരിചയപ്പെടുന്നത്. പൂജ നടത്തി പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഇത്തരം നിരവധി പ്രശ്നങ്ങൾ താൻ പൂജ നടത്തി പരിഹരിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

തുടർന്ന്, കഴിഞ്ഞ ദിവസം പൂജ നടത്താൻ എടവണ്ണ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിലെത്തിയപ്പോൾ പൂജക്ക് ഇടയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചതെന്നു എടവണ്ണ പൊലീസ് പറഞ്ഞു. തുടർന്ന്, സ്‌കൂൾ തുറന്നശേഷം ഈ സംഭവം വിദ്യാർത്ഥിനി സുഹൃത്തിനോട് പറയുകയായിരുന്നു.

തുടർന്ന് ചൈൽഡ് ലൈൻ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി സംഭവം എടവണ്ണ പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതോടെ എടവണ്ണ എസ്ഐ വിജയരാജന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഇന്ന് പിടിയിലായത്. പ്രതിക്കെതിരെ നിലവിൽ പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർന്ന് ഇയാളെ തുടർനടപടികൾ പൂർത്തിയാക്കി മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. എസ് ഐ വിജയരാജന്റെ നേതൃത്വത്തിൽ വിജിത്ത്,സിയാദ്, ഷറഫുദ്ദീൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.