ഇടുക്കി: വയനാട്ടിൽ മുത്തങ്ങയിൽ തടവിലിട്ട് കുങ്കിയാന ആക്കുവാൻ പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്ന പിഎം 2 എന്ന ആനയെയും പാലക്കാട് ധോണിയിൽ തടവിലാക്കി പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്ന പിടി 7 എന്ന ആനയെയും മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തൃശൂർ സ്വദേശിനി മിനി സുധിലാണ് അഡ്വ. അനീഷ് കെ ആർ മുഖേന ഹർജി സമർപ്പിച്ചിട്ടുള്ളത്. ഇന്നലെ ഹർജി പരിഗണിച്ച ജസ്റ്റീസ് ഷാജി പി ചാലി തുടർ വാദം നാളത്തേയ്ക്ക് മാറ്റി.

കാട്ടാനകളെ കുങ്കിയാന ആക്കാനുള്ള കേരള സർക്കാർ 2018 ൽ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിന് നിയമസാധുത ഇല്ലാത്തതിനാൽ ഉത്തരവ് റദ്ദ് ചെയ്യണം എന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഹർജിയിലെ സൂചിപ്പിച്ചിട്ടുള്ള ആവശ്യങ്ങളും വസ്തുതകളും ഇങ്ങിനെ:

ആന ഉൾപ്പെടെയുള്ള ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ടിട്ടുള്ള ജീവികളെ പിടിക്കുന്നതിനും മാറ്റിപ്പാർപ്പിക്കുന്നതിന് പോലും കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. ചട്ടം പഠിപ്പിക്കാനുള്ള അനുമതി നൽകാൻ കേന്ദ്ര സർക്കാരിനും സാധ്യമല്ല. വന്യജീവി സംരക്ഷണനിയമത്തിലെ ചില കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് ഇടപെടാനുള്ള അവകാശം 1982 ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ എടുത്തുകളഞ്ഞിരുന്നു.

1972 ൽ ഇന്ദിരാഗാന്ധിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ലോകത്തിലെ ഏറ്റവും ശക്തമായ വന്യജീവി സംരക്ഷണ നിയമം കൊണ്ടുവന്നതും. വനം കയ്യേറ്റക്കാർക്ക് വനപാലകർ തന്നെ കൂട്ടു നിൽക്കുന്നു എന്നു കണ്ടെത്തിയപ്പോൾ ആയിരുന്നു സിംഹത്തെ മാറ്റി കടുവയെ 1973 ൽ ദേശീയ മൃഗമാക്കിയതും പ്രൊജക്റ്റ് ടൈഗർ എന്ന പദ്ധതി തുടങ്ങുന്നതും.

പതിയിരുന്ന് ആക്രമിക്കുന്ന കടുവകളെയാണ് വേട്ടക്കാർക്കും കാടുകയ്യേറ്റക്കാർക്കും ഏറ്റവും ഭീഷണി. വയനാട്ടിൽ നിലവിൽ 5 കടുവകളെ നിയമവിരുദ്ധമായി തടവിലിട്ടിരിക്കുന്നു എന്നും അവയെയും തുറന്നു വിടണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.