ആലുവ: ദീർഘദൂര റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് ഓടാൻ അനുവാദം നൽകുമെന്ന് മന്ത്രി കെ.ബി. ഗണേശ് കുമാർ പറഞ്ഞു. നവീകരിച്ച ആലുവ കെ.എസ്.ആടി.സി ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ നിക്ഷേപം ഉണ്ടായാലേ നാട്ടിൽ തൊഴിൽ അവസരമുണ്ടാകൂ. എന്നാൽ, ഇതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ജോലിയും ശമ്പളവും നഷ്ടപ്പെടുന്ന പ്രശ്‌നമില്ല. കേരളത്തിൽ നാൽപതിനായിരത്തോളം പ്രൈവറ്റ് ബസുകൾ സർവീസുകൾ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ വെറും ഏഴായിരത്തോളമായി കുറഞ്ഞു.

പ്രൈവറ്റ് ബസുകളോടൊപ്പം കെ.എസ്.ആർ.ടി.സി ബസുകൾ മത്സരിച്ച് ഓടിച്ചതാണ് ഇതിന് കാരണമെന്നും മന്ത്രി പറഞ്ഞു. അൻവർ സാദത്ത് എംഎ‍ൽഎ അധ്യക്ഷത വഹിച്ചു. ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ സ്വാഗതം പറഞ്ഞു. ബെന്നി ബഹനാൻ എംപി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, നഗരസഭ വൈസ് ചെയർപേഴ്‌സൻ സൈജി ജോളി, യു.ഡി.എഫ് ചെയർമാൻ ലത്തീഫ് പൂഴിത്തറ, കൺവീനർ എം.കെ.എ. ലത്തീഫ്, ആലുവ അദ്വൈതാശ്രമം മഠാധിപതി ധർമ്മ ചൈതന്യ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാൻഡ് നിർമ്മാണ കരാറുകാർ, എൻജിനീയർമാർ തുടങ്ങിയവരെ ആദരിച്ചു.

കെ.എസ്.ആർ.ടിസിക്ക് പുതിയ മുഖം നൽകുമെന്ന് ഗണേശ്‌കുമാർ പറഞ്ഞു. സർവിസ് നടത്തുന്ന പല ബസുകളുടെയും ഇന്ധന ചെലവ് കൂടുന്നത് എങ്ങനെയാണെന്ന് പരിശോധിച്ചുവരികയാണ്. പല ബസ് സ്റ്റാൻഡുകളും ചോർന്നൊലിക്കുകയാണ്. സാങ്കേതിക വിദഗ്ദ്ധർ ഇല്ലാത്തതാണ് ഇതിന് കാരണം. വേണ്ടത്ര ഉത്തരവാദിത്തവും ആത്മാർഥതയും ഇല്ലാത്ത ജീവനക്കാർക്കെതിരെ കർശനമായ നടപടി എടുക്കും. എല്ലാ ജീവനക്കാരും കുഴപ്പക്കാരല്ലെന്നും ഗണേശ് പറഞ്ഞു''.