മലപ്പുറം: ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് ട്രെയിനിൽ കടത്തിയ എട്ടുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. താനൂർ പുതിയ കടപ്പുറം സ്വദേശി കുഞ്ഞിൻകടവത്ത് വീട്ടിൽ നൗഫൽ, (28) താനൂർ എടക്കടപ്പുറം സ്വദേശി മമ്മാലിന്റെ പുരയ്ക്കൽ അജീഷ് എന്ന സഹൽ (28) എന്നിവരെയാണ് കല്പകഞ്ചേരി എസ് ഐയും സംഘവും അറസ്റ്റ് ചെയ്തത്.

ആന്ധ്രാപ്രദേശിൽ നിന്നും ട്രെയിന്മാർഗ്ഗം കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘം പ്രവർത്തിക്കുന്നതായും മലപ്പുറം ജില്ലയിലെ ചിലർ ഇതിന്റെ കാരിയർമാരായി പ്രവർത്തിക്കുന്നതായും മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇത്തരത്തിൽ കാരിയർമാർ പ്രത്യേകം തുക പറഞ്ഞ് ഉറപ്പിച്ചാണ് ആവശ്യക്കാർക്കു കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതെന്നാണ് വിവരം. നിശ്ചിത തുക പറഞ്ഞ് ഉറപ്പിച്ച ശേഷം ഇവർ തന്നെ ആന്ധ്രയിൽ പോയി കഞ്ചാവ് വാങ്ങിച്ചു മൊത്ത വ്യാപാരികൾക്കു വിൽപന നടത്തുന്ന രീതിയും വൻ തോതിൽ നടക്കുന്നുണ്ട്. എന്നാൽ വലിയൊരു തുക തന്നെ ഇവരും ഇതിൽനിന്നും ഈടാക്കുന്നുണ്ട്.

പിട്ിക്കപ്പെടാനുള്ള സാധ്യതയുള്ളതിനാൽ തന്നെ മൊത്ത വ്യാപാരികൾ ഇവരെതന്നെയാണ് ആശ്രയിക്കുന്നത്. ആന്ധ്രയിൽ ഇത്തരം ഏജന്റുമാർക്കു വൻ കണ്ണികളുമായി ബന്ധമുള്ളതിനാൽ തന്നെ കുറഞ്ഞ വിലയിൽ മികച്ച സാധനം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇത്തരത്തിൽ വിൽപന നടക്കുന്നത്.

ചില ഏജന്റുമാരുമായി ബന്ധപ്പെട്ടവർ തന്നെയാണു ഇത്തരം കാര്യങ്ങൾ പൊലീസിനു ചോർത്തി നൽകിയതും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താനൂർ ഡിവൈഎസ്‌പി വി വി ബെന്നി, പരപ്പനങ്ങാടി സിഐ. കെ ജെ ജിനേഷ്, കൽപകഞ്ചേരി എസ് ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിൽ താനൂർ ഡാൻസാഫ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പുത്തനത്താണി ബസ്റ്റാൻഡിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് അടുത്തു വച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.