തിരുവനന്തപുരം: ജനുവരി 15 മുതൽ തോന്നക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള ലോകപ്രശസ്ത ഗവേഷകരാൽ സമ്പന്നമാകും. ഫെബ്രുവരി 15 വരെയാണ് ഫെസ്റ്റ്. രസതന്ത്രത്തിനുള്ള നൊബേൽ സമ്മാന ജേതാവ് പ്രൊഫസർ മോർട്ടൺ പി മെൽഡൽ അടക്കമുള്ള വിദഗ്ധരാണ് സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി കേരളത്തിലെത്തുന്നത്.

ഫെബ്രുവരി ഏഴിന് പകൽ 11ന് സംഘടിപ്പിക്കുന്ന പബ്ലിക് ടോക്കിലാണ് മോർട്ടൺ പി മെൽഡൽ പങ്കെടുക്കുക. ക്ലിക്ക് കെമിസ്ട്രിയുടെയും ബയോ ഓർത്തോഗണൽ കെമിസ്ട്രിയുടെയും വികാസത്തിനാണ് ഡാനിഷ് രസതന്ത്രജ്ഞനായ മോർട്ടൺ മെൽഡലിനും കരോലിൻ ആർ ബെർട്ടോസിക്കും കാൾ ബാരി ഷാർപ്ലെസിനും 2022ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്.

16ന് വൈകിട്ട് അഞ്ചിന് സംഘിപ്പിക്കുന്ന ഡി കൃഷ്ണ വാര്യർ മെമോറിയൽ ലക്ചറിൽ നാസയിൽ നിന്നുള്ള ആസ്ട്രോഫിസിസിസ്റ്റ് ഡോ. മധുലിക ഗുഹാത്തകുർത്ത പങ്കെടുക്കും. നാസയുടെ കമ്യൂണിക്കേഷൻ ആൻഡ് ഔട്ട്റീച്ച് വിഭാഗം മേധാവി ഡെനീസ് ഹിൽ പങ്കെടുക്കുന്ന ഏകദിന വർക്ഷോപ് ഫെബ്രുവരി 13ന് സംഘടിപ്പിക്കുന്നുണ്ട്. ജനുവരി 22ന് രാവിലെ 10മുതൽ വൈകിട്ട് നാലുവരെ നാസയിൽ നിന്നും ഐഎസ്ആർഒയിൽ നിന്നുമുള്ള ശാസ്ത്രജ്ഞരുമായി ചർച്ചയ്ക്കും അവസരമുണ്ട്.

ജനുവരി 17നു രാവിലെ സംഘടിപ്പിക്കുന്ന പബ്ലിക് ലക്ചറിൽ മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. റോബർട്ട് പോട്ട്സ് പങ്കെടുക്കും. ജനുവരി 18ന് വൈകിട്ട് അഞ്ചിനു നടക്കുന്ന പബ്ലിക് ടോക്കിൽ കനിമൊഴി കരുണാനിധി എംപി പോയട്രി ഓഫ് സയൻസ് എന്ന വിഷയത്തിൽ സംസാരിക്കും. ലഫ്ബെറാ യുണിവേഴ്സിറ്റിയിലെ ക്രിയേറ്റീവ് ആർട്ട് വിഭാഗം മേധാവിയും നാടക വിഭാഗത്തിലെ പ്രൊഫസറുമായ പ്രൊഫ. മൈക്കൽ വിൽസൺ ജനുവരി 22നു വൈകിട്ട് അഞ്ചിനു നടക്കുന്ന പബ്ലിക് ടോക്കിൽ സംസാരിക്കും. മാഗ്സസേ അവാർഡ് ജേതാവ് ഡോ. രാജേന്ദ്ര സിങ്, ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ മാലിനി വി ശങ്കർ ഐഎഎസ് തുടങ്ങി നിരവധി പ്രമുഖരുടെ പ്രഭാഷണങ്ങൾ വിവിധ ദിവസങ്ങളിലായി ഉണ്ടാകും.

കേരളീയരായ പ്രവാസി പ്രമുഖരും കേരളീയരായ ഭട്നഗർ അവാർഡ് ജേതാക്കളും പങ്കെടുക്കുന്ന പ്രഭാഷണ പരിപാടികൾ, ഇ ഒ വിൽസൺ ടോക്ക് സീരീസ്, ജിയോസൻസ് എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ടോക് സീരിസ്, സയൻസ് കമ്യൂണിക്കേഷൻ എന്ന വിഷയത്തിൽ കേരള മീഡിയ അക്കാദമിയുമായി ചേർന്നു സംഘടിപ്പിക്കുന്ന ഏകദിന ശിൽപശാല, ഐസർ-ജിഎസ്എഫ്കെ കോൺഫറൻസ്, അമ്യൂസിയം ടോക്സ്, ഐഐടി കോൺക്ലേവ് എന്നിങ്ങനെ ജനുവരി 16 മുതൽ ഫെബ്രുവരി 13വരെ നിരവധി പ്രഭാഷണ പരിപാടികളും സെമിനാറുകളും കോൺക്ലേവുകളും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.