തിരുവനന്തപുരം: സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിൽലുള്ള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലും അമ്യൂസിയം ആർട്സയൻസും ചേർന്ന് സംഘടിപ്പിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ തോന്നക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ. ജനുവരി 15ന് വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും.

രണ്ടര ലക്ഷം ചതുരശ്ര അടി സ്ഥലത്ത് സജ്ജമാക്കുന്ന ക്യൂറേറ്റഡ് സയൻസ് എക്സിബിഷൻ ഏഷ്യയിൽതന്നെ ഇത്തരത്തിൽ ആദ്യത്തേതും ഏറ്റവും വലുതുമായിരിക്കും. ആകെ 25 ഏക്കർ സ്ഥലത്താണ് ഫെസ്റ്റിവൽ സമുച്ചയം തയാറാകുന്നത്. 'ലൈഫ് സയൻസ്' എന്ന വിഷയത്തിൽ അധിഷ്ഠിതമായി കൃത്യമായ തിരക്കഥയുടെ സഹായത്താൽ ക്യൂറേറ്റ് ചെയ്തിരിക്കുന്ന ഫെസ്റ്റിവൽ പ്രപഞ്ചത്തിന്റെ ഉൽപത്തിമുതൽ അധുനിക കാലഘട്ടം വരെയുള്ള സഞ്ചാരത്തെ അടയാളപ്പെടുത്തും.

പ്രദർശനവസ്തുക്കൾ കലാപരവും സംവാദാത്മകവും വിഷയാധിഷ്ഠിതവുമായാണ് സജ്ജമാക്കുക. സാങ്കേതിക വിദ്യകളുടെയും എ.ആർ, വി.ആർ സങ്കേതങ്ങളുടെയും മറ്റും സഹായത്തോടെ ഇമേഴ്സീവ് എക്സ്പീരിയൻസുകളുൾപ്പെടെ ഫെസ്റ്റിവലിൽ വിനോദവും വിജ്ഞാനവും പകരാനുണ്ടാകും. ഉള്ളിൽ നിന്ന് ആസ്വദിക്കാനാകുന്ന പ്രപഞ്ചത്തിന്റെ മാതൃക, പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഡാർവിൻ സഞ്ചരിച്ച എച്ച്എംഎസ് ബീഗിൾ എന്ന കപ്പലിന്റെ ബൃഹദ് രൂപം, ദിനോസറിന്റെ യഥാർത്ഥ വലുപ്പത്തിലുള്ള അസ്ഥികൂട മാതൃക, യുദ്ധം സൃഷ്ടിക്കുന്ന കെടുതികൾ, കാഴ്ചയുടേയും ഭാഷയുടേയും വികാസവും വ്യത്യസ്തതകളും, മനുഷ്യമസ്തിഷ്‌കത്തിന്റെ വാക്ക്-ഇൻ, വീടിനുള്ളിൽ നിത്യവും കാണുന്ന വസ്തുക്കൾക്കു പിന്നിലെ ശാസ്ത്രം, ബഹിരാകാശനിലയത്തിൽ നിന്നുള്ള കാഴ്ചകൾ, മനുഷ്യശരീരത്തിന്റെ പ്രവർത്തനം തുടങ്ങിയവയെല്ലാം ക്യൂറേറ്റഡ് പവിലിയനിൽ കലയുടെ സഹായത്തോടെ പ്രദർശനത്തിനുണ്ടാകും.

യു.എസ്. കോൺസുലേറ്റ് ജനറൽ, ബ്രിട്ടിഷ് കൗൺസിൽ, ജർമൻ കോൺസുലേറ്റ്, അലിയാൻസ് ഫ്രാൻസൈസ്, ഐസർ തിരുവനന്തപുരം, സി.എസ്‌ഐ.ആ-എൻ.ഐ.ഐ.എസ്.ടി എന്നിങ്ങനെ നിരവധി അന്തർദേശീയ, ദേശീയ ഏജൻസികൾ ഇതിലേക്ക് സംഭാവന ചെയ്യുന്നു. ജർമൻ കോൺസുലേറ്റിന്റെ 'എനർജി ഇൻ ട്രാൻസിഷൻ', പെസിഫിക് വേൾഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഡഗ്ലസ് ഹെർമൻ ക്യൂറേറ്റ് ചെയ്യുന്ന 'വാട്ടർ മാറ്റേഴ്സ്', അലിയാൻസ് ഫ്രാൻസൈസ് സജ്ജമാക്കുന്ന 'ക്ലൈമറ്റ് ചെയ്ഞ്ച്', ബ്രിട്ടീഷുകാരനായ ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക് ജെറം നിർമ്മിച്ച ചന്ദ്രന്റേയും ചൊവ്വയുടേയും യഥാർഥ മാതൃകകൾ ഉൾപ്പെട്ട 'മ്യൂസിയം ഓഫ് മൂൺ ആൻഡ് മാഴ്സ്', മെൽബണിലെ ലോകപ്രശസ്ത ബയോ മോളിക്യുലാർ അനിമേറ്ററായ ഡ്ര്യൂ ബെറിയുടെ 'മോളിക്യുലാർ അനിമേഷൻ', ബാംഗ്ലൂരിലെ വിശ്വേശ്വരയ്യ മ്യൂസിയത്തിന്റെ 'സീഡ്സ് ഓഫ് കൾച്ചർ', വിവിധ ദേശീയതല സയൻസ് സ്ഥാപനങ്ങളുടെ പ്രദർശനങ്ങൾ തുടങ്ങിയവ ഫെസ്റ്റിവലിന് ആഗോളമാനം നൽകുന്നു.

ഫെസ്റ്റിവൽ കോംപ്ലക്സിനുള്ളിൽ ഭിന്നശേഷി സൗഹൃദ റാംപുകളും മറ്റും സജ്ജമാക്കി എല്ലാവർക്കും പ്രാപ്യമായ രീതിയിലാണ് രൂപകൽപന. കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും ഉണ്ടെങ്കിലേ ഫെസ്റ്റിവൽ പൂർണമായും കണ്ടുതീർക്കാനാകൂ. മുതിർന്നവർക്ക് 250 രൂപയും, പതിനെട്ട് വയസിൽ താഴെയുള്ളവർക്ക് 150 രൂപയുമാണ് പ്രവേശന ഫീസ്. രണ്ടുദിവസത്തേക്ക് യഥാക്രമം 400 രൂപക്കും 250 രൂപക്കും ടിക്കറ്റ് ലഭിക്കും.

ഭിന്നശേഷിക്കാർക്കും പത്തുവയസിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനം സൗജന്യമായിരിക്കും. സ്‌കൂളുകളിൽ നിന്നു വരുന്ന 30 പേരിൽ കുറയാത്ത എണ്ണം വിദ്യാർത്ഥികളുടെ സംഘത്തിന് ഒരാൾക്ക് 100 രൂപ വീതമാണ് നിരക്ക്. സ്‌കൂൾ സംഘങ്ങൾക്ക് ഭക്ഷണം ഉൾപ്പെടെയുള്ള ഗ്രൂപ്പ് പാക്കേജായും ടിക്കറ്റുകൾ ലഭിക്കും. ഫെസ്റ്റിവൽ കോംപ്ലക്സിനുള്ളിൽ ആളുകളുടെ എണ്ണത്തിന് സാങ്കേതിക പരിധിയുള്ള അഞ്ച് പ്രദർശനങ്ങളിൽ പ്രത്യേകം ടിക്കറ്റിങ് ഉണ്ടാകും. gsfk.org എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ഫെഡറൽ ബാങ്കാണ് ജി എസ് എഫ് കെയുടെ ബാങ്കിങ്ങ് പാർട്നർ. ഫെഡറൽ ബാങ്ക് വഴിയും ടിക്കറ്റുകൾ ലഭ്യമാകും. ടിക്കറ്റ് വിൽപന ജനുവരി ഒന്നിന് ചലച്ചിത്രതാരം മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യും.

വിവിധ വിഷയങ്ങളിൽ ചർച്ചകളും പ്രഭാഷണ പരിപാടികളും ഫെസ്റ്റവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. നാസ-ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ കേരളത്തിൽ ആദ്യമായി പ്രഭാഷണം അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നൊബേൽ ജേതാവ് മോർട്ടൻ പി. മെൽഡൽ, നാസയിൽ നിന്നുള്ള ഡോ. മധുലിക ഗുഹാത്തകുർത്ത, ഡെനീസ് ഹിൽ, മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. റോബർട്ട് പോട്ട്സ്, ലഫ്ബെറാ യുണിവേഴ്സിറ്റിയിലെ പ്രൊഫ. മൈക്കൽ വിൽസൺ, അറ്റ്ലാന്റിക് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ ഡോ. സുരേഷ് സി. പിള്ള, റൂഥർഫോർഡ് ആപ്പിൾട്ടൺ ലബോറട്ടറിയിലെ ഡോ. രാജീവ് പാട്ടത്തിൽ, ശ്രീമതി. കനിമൊഴി കരുണാനിധി എം. പി., മാഗ്സസേ അവാർഡ് ജേതാവ് ഡോ. രാജേന്ദ്ര സിങ്, ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ശ്രീമതി. മാലിനി വി ശങ്കർ ഐ.ഏ.എസ്., തുടങ്ങി നിരവധി പ്രമുഖരുടെ പ്രഭാഷണങ്ങൾ ഉണ്ടാകും.

ജോർജിയൻ ബാൻഡായ ബാനി ഹിൽസിന്റെ സംഗീത പരിപാടിയും നന്ദിതാ ദാസ്, പത്മപ്രിയ, നവ്യാ നായർ, ഡോ. മേതിൽ ദേവിക, ആശാ ശരത്, രൂപാ രവീന്ദ്രൻ, പാരീസ് ലക്ഷ്മി, മീരാ നായർ, മഹാലക്ഷ്മി, റിഗാറ്റ തുടങ്ങിയവരുടെ നൃത്തനൃത്യങ്ങളും സിതാര കൃഷ്ണകുമാർ, ഊരാളി ബാൻഡ് തുടങ്ങിയവർ നയിക്കുന്ന സംഗീത നിശകളും ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും. പ്രഭാഷണ പരിപാടികൾക്കും കലാ സാംസ്‌കാരിക പരിപാടികൾക്കും പ്രവേശനം സൗജന്യമാണ്. ഈ പരിപാടികൾക്ക് ഓൺലൈനിലൂടെ സൗജന്യമായി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഫെസ്റ്റിവൽ സമുച്ചയത്തിനകത്ത് ഓൺലൈനായി ഭക്ഷണം വാങ്ങിക്കാനുള്ള സൗകര്യവും പണംകൊടുത്ത് ഉപയോഗിക്കാവുന്ന വൈഫൈ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ 14 ജില്ലകളിലെ രുചികൾ അണിനിരക്കുന്ന ഭക്ഷ്യമേള ഇതൊടൊപ്പം സംഘടിപ്പിക്കും. ഒരേസമയം അഞ്ഞൂറോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിന് സൗകര്യമുണ്ടാകും. നഗരത്തിൽനിന്നും മറ്റ് പ്രധാന കേന്ദ്രങ്ങളിൽനിന്നും ഫെസ്റ്റിവൽ കോംപ്ലക്സിലേക്ക് ബസ് സൗകര്യവും ഏർപ്പെടുത്തും.