മലപ്പുറം: 42ലക്ഷം രൂപയുടെ സ്വർണം കടത്താൻ ഓഫർ 30,000 രൂപ. കരിപ്പൂർ വിമാനത്തവളത്തിൽ 42.60 ലക്ഷം രൂപയുടെ സ്വർണ മിക്സർ ടാപ് കസ്റ്റീസ് പിടികൂടി. കരിപ്പൂർ വിമാനത്താവളം വഴി ബേസിൻ മിക്സർ ടാപ്പിലൂടെ കടത്താൻ ശ്രമിച്ച 42.60 ലക്ഷം രൂപ വില മതിക്കുന്ന 814 ഗ്രാം സ്വർണമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ഡിസംബർ 10 ന് വൈകിട്ട് ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂരിൽ എത്തിയ കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ് ഇഷാഖ് കൊണ്ടുവന്ന ബാഗേജിൽ ഉണ്ടായിരുന്ന ബേസിൻ മിക്സർ ടാപ് സംശയത്തേതുടർന്നു കസ്റ്റംസ് പിടിച്ചുവക്കുകയുണ്ടായി. തുടർന്നു ഇന്നലെ വിദഗ്ദരുടെ സഹായത്തോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ മിക്സർ ടാപ് തുറന്നു പരിശോധിച്ചപ്പോഴാണ് 814 ഗ്രാം തൂക്കമുള്ള മൂന്നു സ്വർണ റോഡുകൾ ലഭിച്ചത്.

കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത പ്രതിഫലമായ 30,000 രൂപക്ക് വേണ്ടിയാണ് ഇഷാഖ് ഇങ്ങനെ സ്വർണം കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തിവരുകയാണ്. അതേ സമയം കഴിഞ്ഞ ദിവസം കരിപ്പൂർ എയർപോർട്ടിൽ മൂന്ന് കേസുകളിലായി 2502 ഗ്രാം സ്വർണം പിടികൂടിയിരുന്നു. ഏകദേശം 1.2 കോടി രൂപയുടെ സ്വർണമാണ് ഇന്റലിജൻസ് യൂണിറ്റും കസ്റ്റംസ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ കാസർകോട് സ്വദേശി അബ്ദുൾ സലാമിൽ(33) നിന്നും 374 ഗ്രാം സ്വർണമാണ് പിടികൂടിയത്. രണ്ട് ഗുളികാ രൂപത്തിലാക്കിയാണ് സ്വർണമെത്തിച്ചത്.

ജിദ്ദയിൽ നിന്നുള്ള ഉംറ തീർത്ഥാടക സംഘത്തിലെത്തിയ കോഴിക്കോട് മുക്കം സ്വദേശി അബ്ദുൾ ഷെരീഫിൽ(48) നിന്ന് നാല് ഗുളികാ രൂപത്തിലുള്ള 1059 ഗ്രാം സ്വർണം പിടികൂടി.റിയാദിൽ നിന്നെത്തിയ വേങ്ങര സ്വദേശി വളപ്പിൽ റഫീഖിൽ(33) നിന്ന് നാല് ഗുളികാ രൂപത്തിലായി 1069 ഗ്രാം സ്വർണവും പിടികൂടി.