മലപ്പുറം: കരിപ്പൂരിൽ രണ്ടുകോടിയുടെ സ്വർണ വേട്ട. നാലുപേർ പിടിയിൽ. കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിലും ഹാൻഡ് ബാഗേജിനുള്ളിലും സോക്സിനുള്ളിലും ആയി ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 2 കോടി രൂപ വില മതിക്കുന്ന മൂന്നര കിലോഗ്രാമോളം സ്വർണം നാലു വ്യത്യസ്ത കേസുകളിലായാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ജിദ്ദയിൽനിന്നും വന്ന യാത്രക്കാരായ മലപ്പുറം സ്വദേശിയായ റഹ്മാനിൽ (43) നിന്നും 1107 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സുലുകളും മലപ്പുറം കരുളായി സ്വദേശിയായ മുഹമ്മദ് ഉവൈസിൽ (30) നിന്നും സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സുലുകളുമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

കൂടാതെ എയർ അറേബ്യ വിമാനത്തിൽ അബുദാബിയിൽ നിന്നും വന്ന കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ഉണ്ണിച്ചൽ മേത്തൽ വിജിത്തിൽ (29) നിന്നും ശരീരത്തിനുള്ളിലും സോക്സിനുള്ളിലും ആയി ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച 1061 ഗ്രാം തൂക്കമുള്ള സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സുലുകളുമാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.

നാലാമത്തെ കേസിൽ സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നും വന്ന മലപ്പുറം ഒഴുകൂർ സ്വദേശിയായ ഒസ്സാൻകുന്നത്ത് ഷഫീഖിൽ (27) നിന്നും ഹാൻഡ് ബാഗേജിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച 901 ഗ്രാം സ്വർണ്ണമിശ്രിതമടങ്ങിയ ദീർഘ ചതുരാകൃതിയിലുള്ള രണ്ടു പാക്കറ്റുകളുമാണ് കണ്ടെടുത്തത്. ഇങ്ങനെ നാലു കേസുകളിലുമായി 4122 ഗ്രാം സ്വർണ്ണമിശ്രിതമാണ് എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. പിടികൂടിയ ഈ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും മറ്റു തുടർ നടപടികളും സ്വീകരിക്കുന്നതാണ്. ഈ നാലു കേസുകളുമായി ബന്ധപ്പെട്ട് എയർ കസ്റ്റീസ് സമഗ്ര അന്വേഷണം നടത്തി വരികയാണ്.

അസിസ്റ്റന്റ് കമ്മിഷണർ സിനോയി കെ മാത്യുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് കമ്മിഷണർ റഫീഖ് ഹസൻ, സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, പ്രവീൺ കുമാർ കെ. കെ., പ്രകാശ് ഉണ്ണിക്കൃഷ്ണൻ, മനോജ് എം., അഭിലാഷ് സി., വീണ ധർമരാജ്, മുരളി പി, ഫിലിപ്പ് ജോസഫ്, സ്വപ്ന വി. എം., ഇൻസ്‌പെക്ടർമാരായ കില്ലി സന്ദീപ്, നവീൻ കുമാർ, ഇ .രവികുമാർ , ഹർഷിത് തിവാരി, അർജുൻ കൃഷ്ണ, ശിവകുമാർ വി. കെ., ആർ എസ് സുധ, ദുഷ്യന്ത് കുമാർ, അക്ഷയ് സിങ് ഹെഡ് ഹവാൽദാർമാരായ കെ. സെൽവം, എലിസബത്ത് ഷീബ എന്നിവർ ചേർന്നാണ് ഈ കള്ളക്കടത്ത് പിടികൂടിയത്.