മലപ്പുറം: മലാശയത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവ് കരിപ്പൂർ പൊലീസിന്റെ പിടിയിൽ. വിമാനത്താവളം വഴി ഒരു കിലോയിലധികം സ്വർണം കടത്താനുള്ള ശ്രമമാണ് ഇന്ന് പൊലീസ് പൊളിച്ചത്. സംഭവത്തിൽ മലപ്പുറം മേൽമുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീനെ (30)പൊലീസ് പിടികൂടി.

ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യുവാവ് ശരീരത്തിനകത്ത് 1.006 കിലോഗ്രാം സ്വർണം മിശ്രിത രൂപത്തിലാക്കി നാലു കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. അഭ്യന്തര വിപണിയിൽ 52 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വർണ്ണത്തിന്. ഇന്നലെ രാത്രി 9.30 മണിക്ക് ജിദ്ദയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് കാലികറ്റ് എയർപോർട്ടിലിറങ്ങിയത്.

കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 10.20 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ മുഹിയുദ്ദീനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പൊലീസുണ്ടായിരുന്നു. കുറച്ച് സമയം എയർപോർട്ട് പരിസരത്ത് തങ്ങിയ മുഹിയുദ്ദീൻ തന്നെ കൊണ്ട് പോവാൻ വന്ന സുഹൃത്തിനോടൊപ്പം കാറിൽ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിന്റിൽ വച്ചാണ് മുഹിയുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസിന്് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹിയുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ മുഹിയുദ്ദീൻ വിസമ്മതിച്ചിരുന്നു. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പൊലീസ് വിശദമായി പരിശോധിച്ചു. എന്നാൽ സ്വർണം കണ്ടെത്താനായില്ല. തൂടർന്ന് മുഹിയുദ്ദീനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തുകയായിരുന്നു. എക്സറേ പരിശോധനയിൽ മുഹിയുദ്ദീന്റെ വയറിനകത്ത് സ്വർണ്ണ മിശ്രിതമടങ്ങിയ 4 കാപ്സ്യൂളുകൾ കണ്ടെത്തുകയായിരുന്നു.

സ്വർണം സ്വീകരിക്കാൻ എയർപോർട്ടിൽ ആളുകൾ വരുമെന്നായിരുന്നു മുഹിയുദ്ദീനെ ജിദ്ദയിൽ നിന്നും സ്വർണം കൊടുത്തുവിട്ടവർ അറിയിച്ചിരുന്നത്. മുഹിയുദ്ദീനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സ്വർണ്ണകടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും. അതോടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട് കസ്റ്റംസിനും സമർപ്പിക്കും. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് പിടികൂടുന്ന 74-ാമത്തെ സ്വർണക്കടത്ത് കേസാണിത്.