മലപ്പുറം: ദേഹവും ലഗേജും പരിശോധിച്ചിട്ടും സ്വർണം കണ്ടെത്താനയില്ല. അവസാനം ആശുപത്രിയിൽ കൊണ്ടുപോയി എക്സറെ എടുത്തപ്പോൾ വയറിനുള്ളിൽ സ്വർണം അടങ്ങിയ നാല് കാപ്സ്യൂളുകൾ. കരിപ്പൂർ വിമാനത്താവളത്തിൽ, മലപ്പുറം സ്വദേശിയിൽനിന്നും പൊലീസ് പിടിച്ചെടുത്തത് 55 ലക്ഷം രൂപയുടെ സ്വർണം. യുവാവിനെ വിമാനത്തവളത്തിന് പുറത്തുവച്ചാണ് പൊലീസ് പിടികൂടിയത്.

കരിപ്പൂർ വിമാനത്താവളംവഴി കസ്റ്റംസിനെ വെട്ടിച്ചു പുറത്തെത്തിച്ച ഒരു കിലോയിലധികംവരുന്ന സ്വർണമാണ് വിമാനത്തവളത്തിന് പുറത്തുവെച്ച് പൊലീസ് പിടികൂടിയത്. ദുബായിൽനിന്നും സസ്വർണം കടത്തിയ മലപ്പുറം വെട്ടത്തൂർ സ്വദേശി സൽമാനുൽ ഫാരിസിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. ശരീരത്തിനകത്ത് 1.075 കിലോ സ്വർണം മിശ്രിത രൂപത്തിലാക്കി 4 കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. അഭ്യന്തര വിപണിയിൽ 55 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വർണ്ണത്തിന്.

ഇന്നു രാവിലെ എട്ടു മണിക്ക് ദുബായിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് സൽമാനുൽ ഫാരിസ് കാലികറ്റ് എയർപോർട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 9 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ സൽമാൻ തന്നെ കൂട്ടാനെത്തിയ ബന്ധുക്കളോടൊപ്പം കാറിൽ കയറി പുറത്തേക്ക് പോകും വഴിയാണ് കസ്റ്റഡിയിലെടുത്തത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി .എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൽമാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സൽമാനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സ്വർണ്ണകടത്തിന് പിന്നിലുള്ളലരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും. അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട് കസ്റ്റംസിനും സമർപ്പിക്കും. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് പിടികൂടുന്ന 64-ാമത്തെ സ്വർണക്കടത്ത് കേസാണിത്.