തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന് മികച്ച പ്രതികരണം. കോവിഡ് കാലത്തു നടന്ന രണ്ടുമേളകളിൽനിന്നും വ്യത്യസ്തമായി രജിസ്‌ട്രേഷൻ തുടങ്ങി മണിക്കൂറുകൾക്കകം തന്നെ 5000ത്തിൽപ്പരം പേർ പ്രതിനിധികളായി രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥികളുടെ സജീവമായ പങ്കാളിത്തമാണ് രജിസ്‌ട്രേഷന്റെ ആദ്യമണിക്കൂറുകളിൽ ദൃശ്യമായത്. മേളയിലെ വിദ്യാർത്ഥികളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനായി കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും വിദ്യാർത്ഥി വിഭാഗത്തിന് ഇരട്ടി പാസുകൾ അനുവദിച്ചിട്ടുണ്ട്. 1500 പാസുകൾ അനുവദിച്ചിരുന്ന സ്ഥാനത്ത് 3000 എണ്ണമാണ് വിദ്യാർത്ഥി വിഭാഗത്തിന് നൽകുന്നത്.

14 തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 11000ത്തോളം ഡെലിഗേറ്റുകൾക്ക് പങ്കെടുക്കാം. www.iffk.in എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാർത്ഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്‌ട്രേഷൻ നടത്താം. സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങൾ വഴിയും ഓൺലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്. ഡെലിഗേറ്റ് ഫീ സർക്കാർ നിശ്ചയിച്ചതു പ്രകാരമുള്ളതായിരിക്കും.

എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. 14 തിയേറ്ററുകളിലായാണ് പ്രദർശനം നടക്കുക. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മൽസര വിഭാഗം, സമകാലിക ചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ സിനിമകൾ, മുൻനിര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ വാരിക്കൂട്ടിയ സിനിമകൾ എന്നിവ ഉൾപ്പെടുന്ന ലോക സിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, മാസ്റ്റേഴ്‌സിന്റെ വിഖ്യാത ചിത്രങ്ങൾ ഉൾപ്പെടുത്തിയ റെട്രോസ്‌പെക്ടീവ് വിഭാഗം, മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗം എന്നീ പാക്കേജുകൾ 27ാമത് ഐ.എഫ്.എഫ്.കെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംവിധായകരും സാങ്കേതിക പ്രവർത്തകരും ജൂറി അംഗങ്ങളുമുൾപ്പെടെ വിവിധ വിദേശരാജ്യങ്ങളിൽനിന്നുള്ള നൂറിൽപ്പരം അതിഥികൾ മേളയിൽ പങ്കെടുക്കും.