തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പേട്ട കല്ലുംമൂട്ടിൽ നടന്ന ഗുണ്ടാ ആക്രമണക്കേസിലെ രണ്ടു പ്രതികൾക്ക് ജാമ്യമില്ല. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് പ്രതികൾക്ക് ജാമ്യം നിരസിച്ചത്. ജയിലിൽ കഴിയുന്ന ഒന്നും രണ്ടും പ്രതികളായ ആനയറ സ്വദേശി അനന്തു ഷാജി , കരിക്കകം മൈത്രി ഗാർഡൻസിൽ ഡബ്ബാർ ഉണ്ണി എന്ന അനു. വി. എസ്. എന്നിവർക്കാണ് ജാമ്യം നിഷേധിച്ചത്.

പ്രതികൾക്കെതിരായി ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ ഗുരുതരവും ഗൗരവമേറിയതുമാണ്. കേസ് റെക്കോഡുകൾ പരിശോധിച്ചതിൽ കൃത്യത്തിൽ പ്രതികളുടെ ഉൾപ്പെൽ പ്രഥമദൃഷ്ട്യാ വെളിവാകുന്നുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ ഘട്ടത്തിൽ പ്രതികളെ സ്വതന്ത്രരാക്കിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും പ്രോസിക്യൂഷൻ ഭയന്ന് ഒളിവിൽ പോകാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവവും കാഠിന്യവും കണക്കിലെടുക്കുമ്പോൾ പ്രതിയെ ജാമ്യത്തിൽ വിട്ടയക്കാനാവില്ലെന്നും ജാമ്യഹർജി തള്ളിയ ഉത്തരവിൽ എസിജെഎം എൽസാ കാതറിൻ ജോർജ് ചൂണ്ടിക്കാട്ടി.

ഒന്നും രണ്ടും പ്രതികളുടെ ജാമ്യഹർജി തള്ളിയ കോടതി പ്രതികളുടെ റിമാന്റ് ഒക്ടോബർ 20 വരെ നീട്ടി. കഴിഞ്ഞ ദിവസം മൂന്നു പ്രതികളെ 2 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പേട്ട പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലായിരുന്നു കോടതി ഉത്തരവ്. പ്രതികൾ കൃത്യത്തിനുപയോഗിച്ച വെട്ടുകത്തികൾ വീണ്ടെടുക്കാൻ പ്രതികളെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യാനാണ് അനുമതി നൽകിയത്.

ഒന്നു മുതൽ മൂന്നു വരെ പ്രതികളായ ആനയറ സ്വദേശി അനന്തു ഷാജി , കരിക്കകം മൈത്രി ഗാർഡൻസിൽ ഡബ്ബാർ ഉണ്ണി എന്ന അനു. വി. എസ് , പൊള്ളയച്ചു എന്ന അച്ചു ഷാൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡി നൽകിയത്. 2023 സെപ്റ്റംബർ 23 ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ പേട്ട കല്ലുംമൂട് പാലത്തിനു സമീപം വച്ചായിരുന്നു ആക്രമണം നടന്നത്. ചെട്ടിക്കുളങ്ങര സ്വദേശി ശബരി, പാറ്റൂർ സ്വദേശി രാജേഷ് എന്നിവരെ പ്രതികൾ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. എതിർസംഘത്തിലെ ശബരിയെ കൊലപ്പെടുത്താനായിരുന്നു ഉണ്ണിയുടെയും സംഘത്തിന്റെയും ശ്രമമെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

ഇതിനായി നേരത്തെതന്നെ ഇവർ ഒരുക്കങ്ങൾ നടത്തിയിരുന്നു. സെപ്റ്റംബർ 23 ന് പിടിയിലായ മൂന്നാം പ്രതി അച്ചു ഷാൻ പദ്ധതിയെക്കുറിച്ച് പൊലീസിനോടു പറഞ്ഞതായ കുറ്റസമ്മത മൊഴിയിൽ പറയുന്നു. ഉണ്ണിയും ശബരിയും തമ്മിലുള്ള ശത്രുതയാണ് ആക്രമണത്തിനു കാരണം. ഇവർ നേരത്തെ സുഹൃത്തുക്കളായിരുന്നു. ഒരു വർഷം മുൻപ് സാമ്പത്തിക വിഷയത്തിൽ തമ്മിൽ തെറ്റി. തുടർന്ന് പലതവണ ഏറ്റുമുട്ടുകയും ചെയ്തു.

ഇടയ്ക്ക് ശബരി ഒരു അടിപിടിക്കേസിൽ അറസ്റ്റിലായി. ഇതിനു പിന്നിൽ ഉണ്ണിയാണെന്ന് ആരോപിച്ച് ഇവർ തമ്മിൽ ഫോണിലൂടെ വെല്ലുവിളികൾ നടത്തിയിരുന്നു. ശബരി തന്നെ ആക്രമിക്കുമെന്നു ഭയന്നാണ് ഇയാളെ വകവരുത്താൻ ഉണ്ണിയും സംഘവും പദ്ധതി തയ്യാറാക്കിയതെന്നാണ് പൊലീസ് കേസ്. കല്ലുംമൂട് പാലത്തിനു സമീപത്തെ ഒരു കടയിൽനിന്ന് ആക്രമണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു.