മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഗുണ്ടാ ആക്രമണം. ബുധൻ രാത്രി ഏഴരയോടെയാണ് സംഭവം. ഡിപ്പാർട്ട്‌മെന്റൽ സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ എം.ബി സ്‌നേഹിൽ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. സംഘർഷ ദൃശ്യങ്ങൾ പുറത്ത് വന്നു.
സ്‌ഫോടക വസ്തു എറിഞ്ഞതിനുശേഷം ഹോക്കി സ്റ്റിക്കുകളും മാരകായുധങ്ങളുമായി അക്രമികൾ ഹോസ്റ്റലിലേക്ക് ഇരച്ചുകയറിയ ശേഷം അക്രമം അഴിച്ച് വിടുകയായിരുന്നു. കായികവിഭാഗത്തിലെ ചില വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു അഴിഞ്ഞാട്ടമെന്നാണ് പരാതി.

നൂറിലേറെ വരുന്ന സംഘമാണ് ഹോസ്റ്റലിൽ അതിക്രമം നടത്തിയത്. വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ചത് കൂടാതെ ഹോസ്റ്റലിന്റെ ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഡി.എസ്.യുവിന്റെ നേതൃത്വത്തിൽ നടന്ന കായിക മത്സര ദിവസം വിദ്യാർത്ഥിനികളോട് കായികവിഭാഗത്തിലെ ചിലർ മോശമായി പെരുമാറിയിരുന്നു. അത് ചോദ്യം ചെയ്തതിനെ ചൊല്ലിയുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് ആക്രമണം ഉണ്ടായതെന്ന് സംശയിക്കുന്നു.

പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ എം.ബി സ്‌നേഹിലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാൻ യൂണിവേഴ്‌സിറ്റി അധികൃതരും പൊലീസും തയ്യാറാവണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു.