തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കൂടാൻ സാധ്യതയുണ്ടെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ. ഒ.എം.എസ് (ഓപൺ മാർക്കറ്റ് സെയിൽ) സ്‌കീമിൽ സർക്കാരോ സർക്കാർ ഏജൻസികളെ പങ്കെടുക്കാൻ പാടില്ലെന്നാണ് കേന്ദ്ര സർക്കാർ നയം. ഈ വ്യവസ്ഥ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. സ്വകാര്യ കച്ചവടക്കാരായിരിക്കും മാർക്കറ്റിൽ ഇടപെടുക. ഇത് വിലക്കയറ്റം സൃഷ്ടിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ബജറ്റിൽ ഭക്ഷ്യ വകുപ്പിനുണ്ടായ അവഗണനയിൽ ധനമന്ത്രിയെ നേരിൽ കണ്ട് പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിസഭയിലും മുന്നണിയിലും ചർച്ച ചെയ്യും. എന്നാൽ ഈ വിഷയം പരസ്യമായി പ്രതികരിക്കാൻ മന്ത്രി ജി.ആർ അനിൽ തയ്യാറായില്ല. ഇന്നലെ ബജറ്റ് അവതരണം കഴിഞ്ഞ് ധനമന്ത്രിക്ക് കൈകൊടുക്കാൻ പോലും തയ്യാറാകാതെ ഭക്ഷ്യമന്ത്രി ഇറങ്ങിപ്പോയിരുന്നു. വിലക്കയറ്റം നിയന്ത്രിക്കാൻ വിപണി ഇടപെടലിനുള്ള നിർദേശങ്ങൾ ഭക്ഷ്യവകുപ്പ് നൽകിയെങ്കിലും ധനവകുപ്പ് പരിഗണിച്ചിട്ടില്ലെന്നതാണ് പരാതി. സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്ക് സർക്കാർ ഫണ്ട് അനുവദിക്കുന്നതിൽ വിവേചനമുണ്ടെന്നും ഫണ്ട് ചോദിച്ചുവാങ്ങാൻ മന്ത്രിമാർക്ക് കഴിയുന്നില്ലെന്നും പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നിരുന്നു.

സപ്ലൈകോയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിപണിയിൽ കാര്യക്ഷമമായി ഇടപെടാൽ കഴിയാത്തതും ഔട്ട്ലെറ്റുകളിൽ സബ്സിഡി ഉത്പന്നങ്ങളുടെ ക്ഷാമവും നേരത്തെ തന്നെ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.