- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടാപ്പകൽ അതിക്രമങ്ങളും ബലാത്സംഗങ്ങളും നിയന്ത്രിക്കാൻ കഴിയാത്തവർ; സദാചാര ഗുണ്ടായിസങ്ങളെയും മറികടന്ന് മാനവീയം വീഥിയിലെ രാത്രിജീവിതം നിലനിർത്തുക: ഹരീഷ് പേരടി
കോഴിക്കോട്: തിരുവനന്തപുരം നഗരത്തിലെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥി വാർത്തകളിൽ നിറയുകയാണ്. ഇവിടെ സംഘട്ടനം ഉണ്ടായതിനെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കുകയാണ്. ഇതിനെതിരെ വിമർശനവുമായി രംഗത്തുവന്നിരിക്കയാണ് നടൻ ഹരീഷ് പേരടി. മാനവീയം വീഥിയിലെ നിയമം തെറ്റിക്കുന്ന എല്ലാ ക്രിമനലുകളെയും അകത്തിടണമെന്നു സമൂഹമാധ്യമത്തിലെ കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെട്ടു.
പട്ടാപ്പകൽ അതിക്രമങ്ങളും സംഘർഷങ്ങളും ബലാത്സംഗങ്ങളും നടന്നിട്ടും നിയന്ത്രിക്കാൻ കഴിയാത്തവരാണ് ഒരു രാത്രിയിൽ അംഗീകൃത തെരുവിൽ ആനന്ദനൃത്തം ചെയ്യുന്നവരെ ചെറിയ സംഘർഷത്തിന്റെ പേരിൽ വിലക്കുന്നത്. രാത്രികളും മനുഷ്യന് ജീവിക്കാനും ആഘോഷിക്കാനുമുള്ളതാണെന്നും ഹരീഷ് പേരടി പറഞ്ഞു.
മ്യൂസിയം - വെള്ളയമ്പലം റോഡിൽ വയലാർ പ്രതിമ സ്ഥാപിച്ചിരിക്കുന്നിടത്തുനിന്നും ആൽത്തറ ജംക്ഷനിലെ ജി.ദേവരാജന്റെ പ്രതിമ വരെയുള്ള വീഥിയാണു മാനവീയം വീഥി. തെരുവുനാടകങ്ങൾ, പ്രദർശനങ്ങൾ, കലാമേളകൾ, മുതലായവ മാനവീയം തെരുവോരക്കൂട്ടത്തിന്റെയും മറ്റിതര കലാ സാംസ്‌കാരിക സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ നടക്കാറുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടോടെ ഡാൻസ് കളിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ മാനവീയം വീഥിയിൽ യുവാക്കൾ സംഘം ചേർന്നു തമ്മിൽ തല്ലിയിരുന്നു.
ഹരീഷ് പേരടിയുടെ കുറിപ്പ്:
നായനാർ സർക്കാരിന്റെ കാലത്ത് ഞങ്ങളുടെ അപ്പുണ്ണികൾ നാടകം കളിച്ചായിരുന്നു മാനവീയം വീഥി ഉദ്ഘാടനം ചെയ്യപ്പെട്ടത്. പ്രിയപ്പെട്ട ബേബി സഖാവായിരുന്നു അതിനു നേതൃത്വം കൊടുത്തത്. അന്നത്തെ സ്വപ്നം എനിക്കിപ്പോഴും ഓർമയുണ്ട്. സമയബന്ധിതമല്ലാത്ത കലയുടെ അരങ്ങായി മാറാൻ നമ്മുടെ നാട്ടിലൊരു തെരുവ്. പല കാരണങ്ങൾ കൊണ്ടും അതിന്റെ തുടർച്ച നഷ്ടപ്പെട്ടു. എന്നാലും വർഷങ്ങൾക്കുശേഷം മാനവീയം വീഥി ഉണർന്നെഴുന്നേൽക്കുന്നു എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിയിരുന്നു. ആ സന്തോഷം മുഴുവൻ കെടുത്തുന്നതാണ് അവിടെനിന്ന് എത്തുന്ന വാർത്തകൾ. ഒരു സംഘർഷത്തിന്റെ പേരിൽ അവിടെ പൊലീസിന്റെ കർശന നിയന്ത്രണങ്ങൾ വരുന്നത്രെ.
പട്ടാപ്പകൽ അതിക്രമങ്ങളും സംഘർഷങ്ങളും ബലാത്സംഗങ്ങളും ഇവിടെ നടന്നിട്ടും അതിനെ നിയന്ത്രിക്കാൻ കഴിയാത്തവരാണ് ഒരു രാത്രിയിൽ അംഗീകൃത തെരുവിൽ ആനന്ദനൃത്തം ചെയ്യുന്നവരെ ചെറിയ സംഘർഷത്തിന്റെ പേരിൽ വിലക്കാൻ സദാചാര നിയമങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. മാനവീയം വീഥിയിലെ നിയമം തെറ്റിക്കുന്ന എല്ലാ ക്രിമിനലുകളെയും അകത്തിടണം. (ഈ സംഘർഷം പോലും ഏതെങ്കിലും സദാചാര പൊലീസിങ്ങിന്റെ ഭാഗമാണോ എന്ന് അന്വേഷിക്കേണ്ടതാണ്). പക്ഷേ അതിന്റെ പേരിൽ രാത്രി ജീവിതം ആഘോഷിക്കാൻ എത്തുന്ന ഭൂരിപക്ഷത്തെ നിയന്ത്രിക്കരുത്.
രാത്രികളും മനുഷ്യനു ജീവിക്കാനും ആഘോഷിക്കാനുമുള്ളതാണ്. എന്തിന്, ആത്മഹത്യയുടെ സംഘർഷങ്ങളിൽ നിൽക്കുന്ന ഒരാൾക്കുപോലും ആ മാനവീയം വീഥിയിലെ സന്ദർശനം... അവിടെയുള്ള സംഗീതത്തിൽ, നൃത്തത്തിൽ പങ്കുചേർന്നാൽ വലിയ ആശ്വാസവും മരുന്നുമാകും. എല്ലാ സദാചാര ഗുണ്ടായിസങ്ങളെയും മറികടന്ന് മാനവീയം വീഥിയിലെ രാത്രിജീവിതം നിലനിർത്തുക.