കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിലെ പരാതിക്കാരി ഹർഷിന വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് മുന്നിൽ ഹർഷിന കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തും. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഉറപ്പ് നടപ്പായില്ലെന്നും ഹർഷിന ആരോപിച്ചു.

കേസിൽ പ്രതിചേർത്ത രണ്ട് ഡോക്ടർമാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി കഴിഞ്ഞ മാസമാണ് എസിപി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ അത്യാവശ്യമായ മൊഴികളുടെയും തെളിവുകളുടെയും അഭാവത്തിൽ കമ്മീഷണർ റിപ്പോർട്ട് മടക്കി.

ഇതിന് പിന്നാലെയാണ് പ്രത്യക്ഷ സമരത്തിലേക്ക് ഹർഷിന കടക്കുന്നത്. ഹർഷിനയ്ക്കൊപ്പമുണ്ടെന്ന് പറയുന്ന ആരോഗ്യമന്ത്രി നാവുകൊണ്ട് മാത്രമാണ് ഒപ്പമുള്ളതെന്നും പരാതിക്കാരി പറഞ്ഞു. ഇതുവരെ സർക്കാരിന്റെ ഭാഗത്തു നിന്നും ഏതെങ്കിലും തരത്തിൽ നീതി ലഭിച്ചിട്ടില്ലെന്നും ഹർഷിന കുറ്റപ്പെടുത്തി. പലരിൽ നിന്നുമുള്ള സമ്മർദ്ദത്തിന്റെ ഭാഗമായാണ് സർക്കാർ നടപടി താമസിപ്പിക്കുന്നതെന്നും റിപ്പോർട്ട് തിരിച്ചയക്കാൻ വൈകിയതിൽ ഒത്തുകളിയുണ്ടെന്നും ഹർഷിന ആരോപിച്ചു.