ഇടുക്കി: അരിക്കൊമ്പനെ പിടികൂടണമെന്ന ആവശ്യം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ പത്തു പഞ്ചായത്തുകളിൽ ജനകീയ ഹർത്താൽ ആരംഭിച്ചു. രാജാക്കാട്, സേനാപതി,ബൈസൺവാലി പഞ്ചായത്തുകളെയാണ് ഹർത്താലിൽ നിന്നും ഒഴിവാക്കിയത്. മറയൂർ, കാന്തല്ലൂർ, വട്ടവട ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജകുമാരി,ചിന്നകനാൽ, ഉടുമ്പൻ ചോല, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ ആരംഭിച്ചത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

ഇന്നലെ 13 പഞ്ചായത്തുകളിൽ ഇന്ന് ജനകീയ ഹർത്താൽ നടക്കുമെന്നുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.എന്നാൽ ഇപ്പോൾ മൂന്ന് പഞ്ചായത്തുകൾ ഹർത്താലിൽ നിന്നും വിട്ടുനിൽക്കുന്നതായിട്ടാണ് സൂചന. ഹർത്താലിന് യൂത്ത് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുന്നത് ഇന്നലെ ഹൈക്കോടതി വിലക്കിയിരുന്നു.വിദഗ്ധ സമിതി വിഷയം പഠിക്കട്ടെയെന്നും ഇതിനുശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കാമെന്നുമാണ് ഇന്നലെ ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായ നിരീക്ഷണം.

അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുന്നതിനുള്ള എല്ലാ സന്നാഹവും വനംവകുപ്പ് ഒരുക്കിയിരുന്നു.ഇതിനിടെയാണ് ഈ വിഷയത്തിൽ മൃഗസ്നേഹി സംഘടനകളുടെ ഭാഗത്തുനിന്നുള്ള ഹർജ്ജിയിൽ ഹൈക്കോടതി ഇടെപടലുണ്ടായിട്ടുള്ളത്.

പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഉൾഗ്രാമങ്ങളിൽ നിന്നും ആളുകൾ എത്തുന്നുണ്ട്.ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നത് നേരിയ സംഘർഷത്തിന് കാരണമായിരുന്നു.നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാണെന്ന് പൊലീസ് അറിയിച്ചു.