ഇടവെട്ടി: ഇടവെട്ടിയിൽ നിന്ന് ഹാഷിഷ് ഓയിലും കഞ്ചാവുമായി മൂന്ന് യുവാക്കൾ പൊലീസിന്റെ പിടിയിലായി. ഇടവെട്ടി ചിറയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഏഴുമുട്ടം ചാലാശേരി പടിഞ്ഞാറയിൽ ജിതിൻ ജോർജ്(23), തൊണ്ടിക്കുഴയ്ക്ക് സമീപം താമസിക്കുന്ന രാജാക്കാട് പുളിക്കൽ സൂര്യജിത്ത് വിനോദ്(23), തൊണ്ടിക്കുഴ മ്യാലിൽ ദേവപ്രസാദ്(22) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്ന് 12 മില്ലിഗ്രാം ഹാഷിഷ് ഓയിലും രണ്ട് ഗ്രാം കഞ്ചാവും പിടികൂടി. പൊലീസ് നടത്തിയ രാത്രി പരിശോധനയ്ക്കിടെ ഇടവെട്ടി ചിറയ്ക്ക് സമീപത്ത് നിന്നുമാണ് മൂവരും പിടിയിലായത്.

ഇടവെട്ടിച്ചിറയിൽ ശനിയാഴ്ച രാത്രി 11.30ന് പൊലീസ് സംഘം പരിശോധനയ്ക്കെത്തി. ഇവിടെ ബൈക്കുമായി ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൂവരേയും പരിശോധിച്ചപ്പോൾ പൊലീസിനോട് തട്ടിക്കയറി. പരിശോധനയിൽ വിൽപ്പനയ്ക്കായി ടിന്നുകളിൽ നിറച്ച നിലയിൽ ഹാഷിഷ് ഓയിലും പൊതിയിലാക്കിയ കഞ്ചാവും കണ്ടെടുത്തത്. ഇവർക്ക് ലഹരി വസ്തുക്കൾ എവിടെ നിന്ന് ലഭിച്ചുവെന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്തിടെ തൊണ്ടിക്കുഴയിൽ നിന്ന് 10 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായിരുന്നു.

ഇടവെട്ടിചിറയും പരിസരങ്ങളും കേന്ദ്രീകരിച്ച് കഴിഞ്ഞ ഏതാനും നാളുകളായി സാമൂഹിക വിരുദ്ധ ശല്യവും ലഹരി വിൽപ്പനയും സജീവമായതായി നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇവർ നാട്ടുകാരെയും ക്ഷേത്രത്തിലേക്ക് എത്തുന്നവരെയും ശല്യം ചെയ്യുന്നതും പതിവായിരുന്നു. മീൻ പിടിക്കാനെന്ന വ്യാജേനയാണ് സാമൂഹ്യവിരുദ്ധർ ഇവിടെ തമ്പടിക്കുന്നത്.

തൊടുപുഴ സിഐ വി സി. വിഷ്ണുകുമാർ, എസ്‌ഐ സലിം, എഎസ്‌ഐമാരായ ഷംസുദ്ദീൻ, ഉണ്ണികൃഷ്ണൻ, എസ്സിപിഒ മാഹിൻ, സിപിഒമാരായ സാബു, അൻസാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.