- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇടുക്കിയിലും കോട്ടയത്തും കനത്ത മഴ
കോട്ടയം: ഇടുക്കിയിലും കോട്ടയത്തും കനത്ത മഴ. ഇടുക്കിയിൽ വിവിധയിടങ്ങളിൽ മഴയിൽ വ്യാപകനാശമുണ്ടായി. തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിലെ കരിപ്പലങ്ങാട്ട് മണ്ണിടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടു. നാടുകാണിക്കടുത്ത് മണ്ണിടിഞ്ഞുവീണ് രണ്ട് കാറുകൾ മണ്ണിനും മരങ്ങൾക്കുമടിയിൽ കുടുങ്ങി. കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. ഇതേ പ്രദേശത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതായി റിപ്പോർട്ടുകളുണ്ട്. ജില്ലയിൽ വെള്ളിയാഴ്ച ഓറഞ്ച് അലർട്ടായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15-ഓടെ ആരംഭിച്ച മഴ രാത്രി 8.30-ഓടെയാണ് കുറഞ്ഞത്. മലയോര പ്രദേശങ്ങളിലെ പല മേഖലകളിലും ചെറിയ രീതിയിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. തൊടുപുഴ മൂലമറ്റത്ത് തോടുകൾ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. തുടർന്ന് മൂലമറ്റം താഴ്‌വാരം കോളനിയിലെ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടർ. മലയോര മേഖലകളിൽ മാത്രമല്ല ജില്ലയിലാകെ രാത്രി യാത്രയ്ക്ക് നിരോധനമുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും കനത്ത മഴയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും കളക്ടർ അറിയിച്ചു.കുരുതിക്കളത്തിനും പൂച്ചപ്രയ്ക്കും ഇടയിൽ വൈകിട്ട് ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും ഗതാഗതം പൂർണമായും സ്തംഭിച്ചിരുന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത നീരൊഴുക്കിനെ തുടർന്ന് മലങ്കര അണക്കെട്ടിന്റെ നാല് ഷട്ടറുകൾ ഒരു മീറ്റർ വരെ ഉയർത്തി. തൊടുപുഴ, മൂവാറ്റുപുഴ ആറുകളിലെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി.
അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും പ്രദേശത്ത് സാധ്യതയുണ്ട്
കോട്ടയം ജില്ലയിൽ ശക്തമായ മഴപെയ്യുന്നതിനാൽ മീനച്ചിൽ, മണിമല ആറുകളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. രാത്രികാലങ്ങളിലെ അപകട സാഹചര്യങ്ങൾ കണക്കിലെടുത്തു ഭീഷണിപ്രദേശങ്ങളിൽ ഉള്ളവരെ അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
രാത്രികാലങ്ങളിലെ അപകട സാഹചര്യങ്ങൾ കണക്കിലെടുത്തു ഭീഷണിപ്രദേശങ്ങളിൽ ഉള്ളവരെ അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഏറ്റുമാനൂർ-പാലാ റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.