തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.

അറബി കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറുകയാണ്. ബംഗാൾ ഉൾക്കടലിലെ ന്യൂമർദവും ശക്തിപ്രാപിച്ചിട്ടുണ്ട്. ഈ രണ്ട് ന്യൂനമർദങ്ങളുടെയും സ്വാധീനഫലമായി വരും മണിക്കൂറിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യത കണക്കിലെടുത്ത്, കേരള, കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളൊഴികെ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. അറബിക്കടലിലെ ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയിരിക്കുകയാണ്. മത്സ്യബന്ധത്തിന് വിലക്ക് തുടരുന്നു.

മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ - ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദം (Well Marked Low Pressure Area) തീവ്രന്യൂനമർദമായി (Depression ) മാറി. ഇന്ന് രാത്രിയോടെ പഞ്ചിമിനും രത്നഗിരിക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത. വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിനു മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്- പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നൽ തുടരാൻ സാധ്യത. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 1 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ട സംഭവിച്ചിട്ടുണ്ട്. കൊല്ലം ചിതറയിൽ കാറ്റിൽ കാറിന് മുകളിലും കെട്ടിടത്തിന് മുമുകളിലും മരം വീണു. ആളപായം ഇല്ല. ചെങ്ങന്നൂർ ബുധനൂരിൽ രണ്ട് വീടുകളുടെ മേൽക്കൂര തകർന്നു. കനത്ത മഴ തുടരുന്നതോടെ കൊച്ചിയിൽ പല ഭാഗങ്ങളിലും വെള്ളക്കെട്ട് വന്നിരിക്കുകയാണ്. കെഎസ്ആർടിസി ബസ്റ്റാൻഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ബോൾഗാട്ടിയിൽ മഴയത്ത് ഒരു വീടിന്റെ കൂര ഇടിഞ്ഞുവീണു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ ക്വാറിയിങ്, മൈനിങ് പ്രവർത്തനങ്ങളും മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതവും വിനോദ സഞ്ചാരവും നിരോധിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. ജില്ലയിൽ അതിശക്തമായ മഴ തുടരുന്നതിനാലും വെള്ളിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് നിരോധനം അറിയിച്ചത്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ

ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റു ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവക്കണം

ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കും. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംബന്ധിച്ച വിവരം ബന്ധപ്പെട്ട റവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി അറിഞ്ഞുവെക്കണം. അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസിലാക്കണം.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യണം. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തണം

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.