തിരുവനന്തപുരം: കേരളത്തില്‍ ഓഗസ്റ്റ് 3 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, എറണാകുളം, പാലക്കാട് എന്നിവിടങ്ങളില്‍ യെലോ അലര്‍ട്ടാണ്. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ലക്ഷദ്വീപ്, കര്‍ണാടക, തമിഴ്നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാല മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അതിനിടെ കനത്ത മഴയും വെള്ളക്കെട്ടും മൂലം കുന്നംകുളം - തൃശൂര്‍ സംസ്ഥാന പാതയില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ചൂണ്ടല്‍ മുതല്‍ തൃശൂര്‍ ശോഭാ സിറ്റി വരെയുള്ള വിവിധ ഇടങ്ങളില്‍ സംസ്ഥാനപാതയില്‍ വെള്ളം കയറിയതോടെയാണ് ഗതാഗതം നിരോധിച്ചത്. ചിലയിടങ്ങളില്‍ റോഡ് ഇടിഞ്ഞു താഴുന്നുണ്ടെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗതം നിരോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇതുവഴി യാത്ര ചെയ്യേണ്ടവര്‍ മറ്റു ബദല്‍ പാതകളിലൂടെ യാത്ര തുടരണമെന്നാണ് നിര്‍ദേശം.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കണ്ണൂര്‍ ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷനല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധിയാണ്. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.

മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച (01.08.2024) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.

കണ്ണൂര്‍
മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കില്ല.

തൃശ്ശൂര്‍

തൃശൂര്‍ ജില്ലയില്‍ മഴയും കാറ്റും തുടരുന്നതിനാലും പല സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും വ്യാഴാഴ്ച തൃശ്ശൂര്‍ ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മുഴുവന്‍ വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക്/ കോഴ്സുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

വയനാട്

ജില്ലയില്‍ ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

മലപ്പുറം

ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കെല്ലാം അവധി ബാധകമാണ്.

കോഴിക്കോട്

ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പാലക്കാട്

കനത്ത കാലവര്‍ഷത്തിന്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, അംഗണവാടികള്‍, കിന്റര്‍ഗാര്‍ട്ടന്‍, മദ്രസ്സ, ട്യൂഷന്‍ സെന്റര്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ രീതിയില്‍ പഠനം നടത്തുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല.