- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹയർസെക്കണ്ടറി അദ്ധ്യാപക പരിശീലനം ഡിസംബർ മുതൽ; വിഭാവനം ചെയ്തത് പത്ത് ദിവസം നീണ്ടുനിൽക്കുന്ന വൈവിദ്ധ്യമാർന്ന പരിശീലനക്കളരി; സ്കൂൾ ഉച്ചഭക്ഷണത്തിൽ വിഷമുക്ത പച്ചക്കറി ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പുതിയ രീതിയിലുള്ള ഹയർ സെക്കണ്ടറി അദ്ധ്യാപക പരിശീലനം 2017-18 അദ്ധ്യയന വർഷത്തിൽ ആരംഭിച്ചിരുന്നു. 2017-18, 2018-19 അദ്ധ്യയന വർഷങ്ങളിൽ മൂവായിരത്തോളം അദ്ധ്യാപകർക്ക് പരിശീലനം നൽകി. കോവിഡ് മൂലം ഈ പരിശീലനം തടസ്സപ്പെട്ടിരുന്നു.
ഇത് 2022 ഡിസംബർ മാസം പുനരാരംഭിക്കുകയാണ്. അദ്ധ്യാപക ശാക്തീകരണം, അദ്ധ്യാപകരുടെ ഗവേഷണ തൽപരത വർദ്ധിപ്പിക്കൽ, അതുവഴി ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പു വരുത്തുക ഇതാണ് ഈ പരിശീലന പദ്ധതി കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.
പത്ത് ദിവസം നീണ്ടു നിൽക്കുന്ന പരിശീലനമാണ് ഇതിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഓരോ വിഷയത്തിനും ഗവേഷണ സൗകര്യമുള്ള കോളേജുകളിലും സർവ്വകലാശാല ഡിപ്പാർട്ട്മെന്റുകളിലുമാണ് ഈ പരിശീലന പരിപാടി നടക്കുന്നത്.
കോളേജിൽ അതാത് വിഷയങ്ങളിലെ വകുപ്പു മേധാവി, ഫാക്കൽറ്റി മെമ്പർ ആണ് ഇതിന്റെ പ്രോഗ്രാം കോർഡിനേറ്റർ. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ഓരോ വിഷയത്തിന്റെയും കോർഡിനേറ്ററും കോഴ്സ് മേൽനോട്ടത്തിന് ഉണ്ടാകും.
രണ്ടുപേരും സംയുക്തമായാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. കേരള സർവകലാശാല, കുസാറ്റ്, ഐസർ എന്നിവിടങ്ങളിലെ ഡിപ്പാർട്ട്മെന്റുകളും കോഴ്സ് നടത്താൻ സമ്മതം അറിയിച്ചിട്ടുണ്ട്. എസ്.സി.ഇ.ആർ.ടി. യുടെ നേതൃത്വത്തിൽ 2022 നവംബർ 8, 9, 10 തീയതികളിൽ ശിൽപ്പശാല സംഘടിപ്പിച്ച് മൊഡ്യൂൾ തയ്യാറാക്കി കഴിഞ്ഞു.
സ്കൂൾ ഉച്ചഭക്ഷണത്തിൽ വിഷമുക്ത പച്ചക്കറി ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂൾ പച്ചക്കറിത്തോട്ടങ്ങൾ 2022 നവംബർ 30 നകം സജ്ജീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കലോത്സവം, കായികമേള തുടങ്ങിയവയുമായി ബന്ധപ്പെട്ടും മറ്റും സ്കൂൾ അധികൃതർ തിരക്കിലായതിനാൽ ഈ തീയതി കുറച്ചുകൂടി നീട്ടി നൽകുകയാണ്.
വിളവെടുപ്പിന് കാലദൈർഘ്യം അത്ര ഇല്ലാത്തവ ഉൾപ്പെടുത്തി 2023 ജനുവരി 10 നകം പച്ചക്കറിത്തോട്ടങ്ങളിൽ സജ്ജീകരിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതു സംബന്ധിച്ച പരിശോധന നടത്തും. അടുത്ത അക്കാദമിക വർഷം ആരംഭത്തോടെ സമ്പൂർണ്ണ പച്ചക്കറിത്തോട്ടങ്ങളായി ഇവയെ മാറ്റണം.
മറുനാടന് മലയാളി ബ്യൂറോ