തിരുവനന്തപുരം: ഇടുക്കി മെഡിക്കൽ കോളജിന്റെ വികസന പ്രവർത്തനങ്ങൾക്കായി 2018 ൽ അനുവദിച്ച 40 ഏക്കർ സ്ഥലത്തിന് പുറമെ 50 ഏക്കർ കൂടി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഇടുക്കി താലൂക്കിൽ ഇടുക്കി വില്ലേജിൽ സർവേ നം161/1 ൽ ഉൾപ്പെടുന്ന ഭൂമിയുടെ ഉപയോഗവും കൈവശാനുഭവുമാണ് ഭൂമി കൈമാറ്റ വൃവസ്ഥ പ്രകാരം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് ( മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് ) കൈമാറിയിട്ടുള്ളത്. ലാൻഡ് റവന്യു കമീഷണർ മുഖേനെ കലക്ടർ സർക്കാരിന് നൽകിയ പ്രൊപോസലിനെ തുടർന്നാണ് നടപടി.

നിബന്ധനകൾക്ക് വിധേയമായിട്ടാണ് ഭൂമി കൈമാറിയിട്ടുള്ളത്. അനുവദിച്ച ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തവാനോ അന്യാധീനപ്പെടുത്തുവാനോ പാടില്ല. പാട്ടം ,ഉപ പാട്ടം ,തറവാടകക്ക് നൽകുക, അന്യാധീനപ്പെടുത്തുക എന്നിവ പാടില്ല.

എല്ലാതരത്തിലുമുള്ള കൈയേറ്റങ്ങളിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് ഭൂമിയെ സംരക്ഷിക്കണം . കൂടാതെ ഭൂമിയിലെ മരങ്ങൾ മുറിക്കാൻ പാടില്ലെന്നും അഥവാ മുറിക്കേണ്ടി വന്നാൽ റവന്യൂ അധികാരികളുടെ മുൻകൂർ അനുമതി വാങ്ങിയശേഷമേ മുറിക്കാൻ പാടുള്ളുവെന്നും നിബന്ധനയുണ്ട്. മാത്രമല്ല മുറിക്കുന്ന മരങ്ങളുടെ മൂന്നിരട്ടി വൃക്ഷതൈകൾ നട്ടുവളർത്തി പരിപാലിക്കണം.ഭൂമി അനുവദിച്ച തീയതി മുതൽ ഒരു വർഷത്തിനകം നിർദിഷ്ട നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുകയുംവേണം .നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് ലംഘിക്കപ്പെടുന്നപക്ഷം ഭൂമി സർക്കാർ തിരികെ ഏറ്റെടുക്കും.