തിരുവനന്തപുരം: അരുവിക്കരയ ഉപതിരഞ്ഞെടുപ്പു പോലൊരു നിർണ്ണായക തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ സംഘടിതമായ ക്രിസ്ത്യൻ വിഭാഗങ്ങളെ പിണക്കാതിരിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ട് അവർ എന്തു ചോദിച്ചാലും ഒന്നും നോക്കാതെ അനുവദിച്ചു കൊടുക്കുന്ന ശൈലിയാണ് ഉമ്മൻ ചാണ്ടി സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കേരള വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ കച്ചവടമായ സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് വേണ്ടി സംസ്ഥാന സർക്കാർ കള്ളക്കളി നടത്തിയിരിക്കയാണിപ്പോൾ. ഇന്റർചർച്ച് കൗൺസിലിന്റെ നാല് മെഡിക്കൽ കോളേജുകളിലെ മെരിറ്റ് സീറ്റിലും ഏകീകൃത ഫീസ് അനുവദിച്ചതിലൂടെ നൂറ് കോടിയിലധികം രൂപയുടെ പണപ്പിരിവിനാണ് സർക്കാർ ഒത്താശ ചെയ്തത്.

അമല, പുഷ്പഗിരി, ജൂബിലി, കോലഞ്ചേരി മെഡിക്കൽ കോളേജുകളിൽ 15ശതമാനം എൻ.ആർ.ഐ ക്വാട്ട ഒഴിച്ചുള്ള എല്ലാ സീറ്റുകളിലും നാല് ലക്ഷം രൂപ ഫീസ് പിരിക്കാനാണ് അനുമതി. എൻ.ആർ.ഐ സീറ്റിൽ വാർഷിക ഫീസ് 11ലക്ഷവും. 50 ശതമാനം മെറിറ്റ് സീറ്റിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുട്ടികൾക്ക് 25,000 രൂപയും ശേഷിക്കുന്നവർക്ക് 1.50 ലക്ഷവുമായിരുന്നു ഫീസ്.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 28 കുട്ടികൾക്കും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കമുള്ള 52 കുട്ടികൾക്കും ക്രിസ്ത്യൻ മെഡി.കോളേജുകളിൽ കുറഞ്ഞ ഫീസ് നിരക്കിൽ പഠിക്കാൻ അവസരമുണ്ടായിരുന്നു. ക്രോസ്‌സബ്ഡിസിയായാണ് ഈ ആനുകൂല്യം അനുവദിച്ചിരുന്നത്. എന്നാൽ ഇനി ഉയർന്ന റാങ്കോടെ മെറിറ്റിൽ പ്രവേശനംനേടുന്നവരും നാല് ലക്ഷം രൂപ വാർഷിക ഫീസ് നൽകണം. നാലു കോളേജുകളിൽ നിന്ന് പ്രതിവർഷം ഫീസിനത്തിൽ മാത്രം ഇന്റർചർച്ചിന് കിട്ടുന്നത് 13.60 കോടി രൂപയാണ്. 20ലക്ഷം കോഴ്‌സ് ഫീസും തലവരിയുമടക്കം മാനേജ്‌മെന്റ് സീറ്റിന് എഴുപതുലക്ഷം രൂപവരെയുള്ള പാക്കേജാണ് മിക്കയിടത്തും. എൻ.ആർ.ഐ സീറ്റിൽ നിന്നുള്ള കോടികളുടെ വരുമാനം ഇതിന് പുറമെയും.

സർക്കാരിന്റെ ഈ വിട്ടുവീഴ്ച എല്ലാവർക്കും ബാധകമാക്കണമെന്ന് മറ്റ് സ്വാശ്രയകോളേജുകളും ആവശ്യപ്പെട്ടതോടെയാണ് ഇക്കൊല്ലത്തെ മെഡിക്കൽ പ്രവേശനം കുഴഞ്ഞത്. സർക്കാരിന്റെ പക്ഷപാത നിലപാടിനെത്തുടർന്ന് എം.ഇ.എസ് മുഴുവൻ സീറ്റിലും 5.50ലക്ഷം രൂപ ഫീസ് നിരക്കിൽ സ്വന്തമായി പ്രവേശനം നടത്തി. ന്യൂനപക്ഷ പദവിയുള്ള കരുണ, കെ.എം.സി.ടി, അഞ്ചരക്കണ്ടി മെഡിക്കൽ കോളേജുകളും ഇതേരീതിയിൽ പ്രവേശന നടപടി തുടങ്ങിയിട്ടുണ്ട്. സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്റുകളുമായി സീറ്റ് ചർച്ചയ്ക്ക് പോലും സർക്കാർ തയ്യാറായിട്ടുമില്ല.

അതിനിടെ ഇന്റർചർച്ച് കൗൺസിലിന്റെ കോളേജുകളിൽ സ്‌കോളർഷിപ്പെന്ന പേരിൽ 40 ലക്ഷം രൂപയുടെ പ്രത്യേക ഫണ്ടുണ്ടാക്കുമെന്നാണ് കരാർ. മെറിറ്റിലെത്തുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പത്ത് കുട്ടികൾക്കേ സ്‌കോളർഷിപ്പ് കിട്ടൂ. സ്‌കോളർഷിപ്പ് ഫണ്ട് മാനേജ്‌മെന്റുകൾക്ക് സൂക്ഷിക്കാം. സർക്കാരിന്റെ പരിശോധനയില്ല. ബി.പി.എൽ വിഭാഗക്കാർ മെരിറ്റിലെത്തിയില്ലെങ്കിൽ സ്‌കോളർഷിപ്പ് തുകയും മാനേജ്‌മെന്റിന് സ്വന്തമാകുന്ന സാഹചര്യമുണ്ട്.

നേരത്തെ സംസ്ഥാനത്തെ ക്രിസ്ത്യൻ മാനേജ്‌മെന്റിന് കീഴിലുള്ള ആശുപത്രികൾക്ക് സർക്കാർ വിൽപ്പന നികുതി ഇളവ് നൽകിയ വാർത്ത മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. വിൽപ്പന നികുതി ഇളവ് നേടി പ്രവർത്തിക്കുന്ന 124 ആശുപത്രികളിൽ 119 എണ്ണവും ക്രിസ്ത്യൻ മാനേജ്‌മെന്റുകളുടേതായിരുന്നു.