- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിൽ ചട്ടം ഒന്നും പാലിച്ചില്ല; കണ്ണൂർ സെൻട്രൽ ജയിലിലെ മയക്കുമരുന്ന് കേസിലെ പ്രതിയുടെ തടവുചാട്ടം: ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും, ഗുരുതര വീഴ്ച്ചയെന്ന് അന്വേഷണ റിപ്പോർട്ട്
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് മയക്കുമരുന്ന് കേസിലെ ശിക്ഷാതടവുകാരൻ കോയ്യോട് സ്വദേശിയായ സി.പി ഹർഷാദ് രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യതയേറി. ജയിൽപുള്ളി രക്ഷപ്പെടാനിടയായ സാഹചര്യം സംബന്ധിച്ചു ജയിൽ വകുപ്പ് നിയോഗിച്ച അന്വേഷണ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലാണ് ഉദ്യോഗസ്ഥന്മാർക്ക് വീഴ്ചപറ്റിയാതായി ചൂണ്ടിക്കാണിക്കുന്നത്.
ജയിൽ ചട്ടങ്ങൾ പാലിക്കാതെയാണ് വെറും ഒരുവർഷം മാത്രം ശിക്ഷ അനുഭവിച്ചു വരികയായിരുന്ന മയക്കുമരുന്ന് കേസിലെ പ്രതിയെപുറംജോലികൾക്കായി നിയോഗിച്ചതെന്നാണ് റിപ്പോർട്ടിൽപറയുന്നത്. തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വി.ജയകുമാറാണ് അന്വേഷണം നടത്തി റിപ്പോർട്ട് ഉത്തരമേഖല ഡി. ഐ.ജി ബി. സുനിൽകുമാറിന് സമർപ്പിച്ചത്.
തടവുകാരൻ രക്ഷപ്പെടുന്നതിനിടയാക്കിയത് ജയിൽ ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള ഗുരുതരമായ അനാസ്ഥയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതേ സമയം ജയിലിലെ ജീവനക്കാരുടെ കുറവും പ്രതിയുടെ രക്ഷപ്പെടലിന് സഹായിച്ചതായും റിപ്പോർട്ടിലുണ്ട്. ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ജയിലുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥ പരിഹരിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ജയിലിനകത്ത് പ്രശ്നക്കാരനല്ലാത്ത പ്രതി ജീവനക്കാരുടെ വിശ്വാസം ആർജിച്ചെടുത്ത് മുതലെടുത്താണ് രക്ഷപ്പെട്ടതെന്ന് പരാമർശിക്കുമ്പോൾ തന്നെ ജയിൽ ചാട്ടത്തെ ലഘൂകരിക്കാനോ ഉദ്യോഗസ്ഥ വീഴ്ചയെ ചെറുതായി കാണാൻ കഴിയില്ലെന്നും റിപ്പോർട്ടുണ്ട്.
സാധാരണഗതിയിൽ രാവിലെ ആറുമണിയോടെയാണ് തടവുകാരെ സെല്ലിൽ നിന്നും ഇറക്കുക,, തുടർന്ന് ഏഴുമണിവരെ പ്രഭാതദിനചര്യകൾക്കുള്ള സമയമാണ് പിന്നീട് പ്രഭാത ഭക്ഷണവും കഴിഞ്ഞാണ് തടവുകാരെ ജോലിക്കും മറ്റുമായി ജയിലിൽ നിന്നും പുറത്തിറക്കുക. ഇതാകാട്ടെ ജയിൽ ജീവനക്കാരുടെ സാന്നിധ്യത്തിലുമായിരിക്കണമെന്നാണ് ചട്ടം, എന്നാൽ ഹർഷാദ് തടവുകാരെ ജയിലിൽ നിന്നും പുറത്തിറക്കുന്ന സമയത്തിന് മുൻപെ പത്രമെടുക്കാനെന്ന രീതിയിൽ ജയിലിൽ നിന്നും പുറത്തുകടന്ന് റോഡിൽ ബൈക്കുമായി കാത്തിരുന്നയാൾക്കൊപ്പം രക്ഷപ്പെടുകയായിരുന്നു. ഇയാൾ ബംഗ്ളൂരിലേക്ക് കടന്നുവെന്ന സംശയത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം ക്യാംപ് ചെയ്തു അന്വേഷണം നടത്തിവരികയാണ്.



