- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാഹച്ചടങ്ങില്‍ വെല്‍കം ഡ്രിങ്ക് കുടിച്ചവര്‍ക്ക് മഞ്ഞപ്പിത്തം; 238 പേര്‍ ചികിത്സയില്‍; വള്ളിക്കുന്നിലും അത്താണിക്കലിലും രോഗവ്യാപനം
വള്ളിക്കുന്ന്: മലപ്പുറം ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നതില്‍ ആശങ്ക ഉയരുന്നു. വള്ളിക്കുന്നിലും അത്താണിക്കലിലും ആണ് രോഗവ്യാപനം ഉണ്ടായിട്ടുള്ളത്. നേരത്തെ പോത്തുകല്ലില്‍ വ്യാപനം ഉണ്ടായപ്പോള്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാരണം കേസുകള്‍ കുറഞ്ഞുവന്നിരുന്നു.
രോഗം ബാധിച്ചതില്‍ 238 പേരും വള്ളിക്കുന്ന് പഞ്ചായത്തിലാണ്. മേയ് 13ന് മൂന്നിയൂരില്‍ വിവാഹച്ചടങ്ങില്‍ നല്‍കിയ വെല്‍കം ഡ്രിങ്കാണ് രോഗത്തിന്റെ ഉറവിടമെന്നു വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ പറഞ്ഞു.
"ജൂണ്‍ എട്ടിന് ആദ്യകേസ് റിപ്പോര്‍ട്ടു ചെയ്ത പഞ്ചായത്തില്‍ ആശുപത്രിയില്‍ അഡ്മിറ്റായ കേസുകള്‍ ഇല്ല. തിങ്കളാഴ്ച അഞ്ച് സെക്കന്‍ഡറി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ കേസുകളുടെ എണ്ണം ഇനിയും വര്‍ധിക്കാനാണു സാധ്യത" പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
"വള്ളിക്കുന്ന് പഞ്ചായത്തിലെ ഒരു കല്യാണം മേയ് 13നു മൂന്നിയൂര്‍ പഞ്ചായത്തിലെ 'സ്മാര്‍ട്ട്' ഓഡിറ്റോറിയത്തില്‍ നടന്നിരുന്നു. അവിടെ വിതരണം ചെയ്ത വെല്‍കം ഡ്രിങ്ക് കുടിച്ചവരിലാണ് ആദ്യം രോഗം കണ്ടെത്തിയത്. നിലവില്‍ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളൊക്കെയും ഇതേ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ്.
ഇന്നത്തെ റിപ്പോര്‍ട്ടു പ്രകാരം 238 പേര്‍ക്കാണു പഞ്ചായത്തില്‍ മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. ഇതില്‍ 5 കേസുകള്‍ സെക്കന്‍ഡറിയാണ്. ജൂണ്‍ എട്ടാം തീയതി ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതിനു തൊട്ടടുത്ത ദിവസം തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അതില്‍ മുപ്പതോളം കേസുകള്‍ കണ്ടെത്തി.
മഴക്കാലത്തിനു മുന്‍പ് 15 സെക്കന്‍ഡറി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപ്പോള്‍ത്തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ വേണ്ടനടപടികള്‍ സ്വീകരിച്ചു. ക്ലോറിനേഷന്‍ പ്രവര്‍ത്തനവും ഫീല്‍ഡ് വര്‍ക്കും നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഇടപെട്ട് ടെസ്റ്റിങ് സൗകര്യവും ഏര്‍പ്പെടുത്തി. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല.
ആശുപത്രിയില്‍ അഡ്മിറ്റായ കേസുകളും ഇല്ല. പഞ്ചായത്തിലെ കൊടക്കാട് എന്ന പ്രദേശത്താണു ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ഗുരുതര കേസുകള്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവര്‍ക്കും ഭേദമായി. എന്നാല്‍ സെക്കന്‍ഡറി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതുകൊണ്ടു കേസുകളുടെ എണ്ണം കൂടാനാണു സാധ്യത. നേരിടാന്‍ പഞ്ചായത്ത് സജ്ജമാണ്."
വള്ളിക്കുന്ന് മണ്ഡലത്തില്‍ 459 പേര്‍ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതര്‍ അറിയിച്ചു. ചേലേമ്പ്രയില്‍ 15 വയസുകാരി ഇന്നലെ രോഗം ബാധിച്ച് മരിച്ചിരുന്നു. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് സ്‌കൂളുകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.