- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓൺലൈൻ തട്ടിപ്പിനായി യുവാക്കളെ കംബോഡിയയിലേക്ക് കടത്തി; മുഖ്യപ്രതി പിടിയിൽ
കൊല്ലം: ഓൺലൈൻ തട്ടിപ്പിനുവേണ്ടി യുവാക്കളെ വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. വെള്ളിമൺ ഇടവട്ടം രഞ്ജിനി ഭവനത്തിൽ പ്രവീൺ (26) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. തട്ടിപ്പിനിരയായി കംബോഡിയയിൽപോയി മടങ്ങിയെത്തിയ യുവാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്.
വിയറ്റ്‌നാമിൽ പരസ്യ കമ്പനിയിൽ ജോലി വാഗ്ദാനംചെയ്താണ് ഇയാൾ യുവാക്കളെ വിദേശത്തേക്ക് കടത്തിയത്. ടൂർ വിസയിൽ വിയറ്റ്‌നാമിൽ എത്തിക്കുന്ന യുവാക്കളെ കംബോഡിയ അതിർത്തിയോടുചേർന്നുള്ള ഹോട്ടലുകളിൽ താമസിപ്പിക്കും. അവിടെയുള്ള ഏജന്റുമാർ യുവാക്കളുടെ പാസ്പോർട്ടും മൊബൈൽ ഫോണുകളും വാങ്ങിവെച്ചതിനുശേഷം അനധികൃതമായി അതിർത്തികടത്തി കംബോഡിയയിൽ എത്തിക്കുകയായിരുന്നു.
ഇവിടെ ഇവർക്ക് ഓൺലൈൻ തട്ടിപ്പു നടത്തുകയെന്ന ജോലിയാണ് നൽകിയിരുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ വിവിധ രാജ്യങ്ങളിലുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാനും തട്ടിപ്പുനടത്തി പണം കണ്ടെത്താനും നിർദ്ദേശം നൽകും. പ്രവീൺ മുമ്പ് കംബോഡിയയിൽ ജോലിക്കായിപോയി തട്ടിപ്പുകാരുമായി ബന്ധം സ്ഥാപിച്ചിരുന്നു. നാട്ടിലെത്തിയ ഇയാൾ ഉയർന്ന ശമ്പളം വാഗ്ദാനംചെയ്ത് യുവാക്കളെ കംബോഡിയയിലേക്ക് കടത്തുകയായിരുന്നു.വിസ ആവശ്യങ്ങൾക്കായി യുവാക്കളിൽ നിന്ന് രണ്ടുമുതൽ മൂന്നുലക്ഷം രൂപവരെ വാങ്ങുകയും ചെയ്തിരുന്നു.
പൊലീസ് അന്വേഷണത്തിൽ ആറുമാസത്തിനുള്ളിൽ 18-ലധികം പേരെ കടത്തിയതായി കണ്ടെത്തി. കേരള പൊലീസിന്റെ സൈബർ വിഭാഗത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.