- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൻ പ്രതിയായ വാഹന അപകട കേസിലെ പൊലീസ് അട്ടിമറിയെ കുറിച്ച് ഉയർന്ന ആരോപണങ്ങളോട് മൗനം പാലിച്ച് ജോസ് കെ മാണി; പ്രതികരിക്കാതെ കേരളാ കോൺഗ്രസ് മന്ത്രി; ആരോപണം നിഷേധിച്ച് കോട്ടയം എസ് പിയും
കോട്ടയം: മകൻ പ്രതിയായ വാഹന അപകട കേസിലെ പൊലീസ് അട്ടിമറിയെ കുറിച്ച് ഉയർന്ന ആരോപണങ്ങളോട് മൗനം പാലിച്ച് ജോസ് കെ മാണി. കോട്ടയത്ത് നടന്ന കെ.എം.മാണി അനുസ്മരണം ഉദ്ഘാടനം ചെയ്യാനെത്തിയ ജോസ് കെ മാണി മാധ്യമങ്ങൾക്കു മുന്നിൽ വരാൻ തയാറായില്ല. കെ.എം.മാണിയുടെ ഓർമ നിറഞ്ഞ വേദിയിൽ മറ്റു ചോദ്യങ്ങൾക്ക് പ്രസക്തി ഇല്ലെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം.
അപകടത്തിനു പിന്നാലെ ജോസ് കെ മാണിയുടെ മകന്റെ രക്ത പരിശോധന ഒഴിവാക്കാൻ എഫ് ഐ ആറിൽ പൊലീസ് കൃത്രിമം നടത്തി എന്ന ഗുരുതരമായ ആരോപണം ഉയർന്നിട്ടും മൗനം തുടരുകയാണ് കേരള കോൺഗ്രസ് എം. തിരുനക്കരയിൽ കെ.എം.മാണി അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ജോസ് കെ മാണിയുടെ പ്രതികരണം മാധ്യമ പ്രവർത്തകർ ആരാഞ്ഞെങ്കിലും എം പി മാധ്യമങ്ങൾക്കു മുന്നിലെത്തിലെന്ന് അദ്ദേഹത്തിന് ഒപ്പമുള്ളവർ അറിയിച്ചു. ചെയർമാനു പകരം സംസാരിച്ച പാർട്ടി ലീഡർ കൂടിയായ മന്ത്രി റോഷി അഗസ്റ്റിനും അപകട കേസിലെ അട്ടിമറിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല. കെ.എം.മാണിയുടെ ഓർമ നിലനിൽക്കുന്ന വേദിയിൽ മറ്റ് ചോദ്യങ്ങൾക്ക് പ്രസക്തി ഇല്ലെന്ന് പറഞ്ഞാണ് മന്ത്രി ഒഴിഞ്ഞു മാറിയത്.
അതിനിടെ ജോസ് കെ മാണിയുടെ മകൻ പ്രതിയായ വാഹന അപകട കേസിൽ ആരെയും രക്ഷിക്കാൻ ശ്രമിച്ചിട്ടില്ലന്ന് കോട്ടയം എസ് പി പ്രതികരിച്ചു. അന്ന് രാത്രി 9 മണിക്ക് തന്നെ എഫ് ഐ ആർ എടുത്തിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ത സാമ്പിൾ പരിശോധിക്കാത്തത് സംബന്ധിച്ചും അന്വേഷിക്കുമെന്ന് എസ്പി കെ കാർത്തിക് പറഞ്ഞു. രണ്ടു പേർ മരിച്ച സംഭവത്തിൽ ജോസ് കെ മാണിയുടെ മകന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക വിവര ശേഖരണം നടത്തി.
പൊലീസ് റിപോർട്ട് കൂടി ലഭിച്ച ശേഷം ലൈസൻസ് റദ്ദാക്കും. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടാവുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. അതേസമയം, ജോസ് കെ മാണിയുടെ മകന് ലൈസൻസ് ഉണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.