തിരുവനന്തപുരം: തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജ് സിറ്റി ടവര്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിന്റെ കൊലക്കേസില്‍ തൊണ്ടി മുതലുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് ആഗസ്റ്റ് 28 നകം ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവിട്ടു. റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഫോറന്‍സിക് ലബോറട്ടറി ഡയറക്ട
റോടാണ് വിചാരണ കോടതിയായ തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ കോടതി ഉത്തരവിട്ടത്. ജയിലില്‍ കഴിയുന്ന കൊടും കുറ്റവാളിയും ലഹരിക്കടിമയുമായ നെടുമങ്ങാട് കല്ലിയോട് ആനായിക്കോണത്ത് ഹരിഷ് ഭവനില്‍ അജീഷ് എന്ന സുബാഷ് (36) എന്ന പ്രതിയെ ആഗസ്റ്റ് 28 ന് ഹാജരാക്കാനും കോടതി ജയില്‍ സൂപ്രണ്ടിനോട് ഉത്തരവിട്ടു.

അനവധി ക്രൈം കേസുകളില്‍ ഉള്‍പ്പെട്ട് റൗഡി ലിസ്റ്റിലുള്ള അജീഷിന് ജാമ്യവുമില്ല. കല്‍തുറുങ്കിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാനും വിചാരണ കോടതി ഉത്തരവിട്ടു. അജീഷ് 2022 ഫെബ്രുവരി 26 മുതല്‍ റിമാന്റില്‍ കഴിയുകയാണ്. പട്ടാപ്പകല്‍ ബൈക്കില്‍ വെട്ടു കത്തിയുമായി എത്തി ഹോട്ടലില്‍ അതിക്രമിച്ചു കയറി റിസപ്ഷന്‍ സീറ്റിലിരുന്ന റിസപ്ഷനിസ്റ്റിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി കസേരയോട് ചേര്‍ത്ത് കഴുത്ത് പിടിച്ചു വെച്ച് തുരുതുരാ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.

കഴുത്തിലും തലയ്ക്കും മുഖത്തുമായി 14 വെട്ടുകളേറ്റിട്ടുണ്ട്. റിസപ്ഷനിസ്റ്റ് നാഗര്‍കോവില്‍ കോട്ടാര്‍ ചെട്ടിത്തെരുവ് സ്വദേശി അയ്യപ്പന്‍ എന്ന നീലന്‍ (34) ആണ് കൊല്ലപ്പെട്ടത്. കഞ്ചാവിനടിമയും അനവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളുമാണ് അജീഷ്. ഇറച്ചിവെട്ടുന്ന ലാഘവത്തോടെ നടത്തിയ ക്രൂരവും മൃഗീയവും പൈശാചികവുമായ സംഭവത്തിന്റെ ഏക ദൃക്‌സാക്ഷി രണ്ടു സി സി റ്റി വി ക്യാമറ കണ്ണുകളാണെന്ന പ്രത്യേകതയും കേസിനുണ്ട്.

സംഭവത്തിന് മൂന്നു മാസം മുമ്പ് അജീഷ് ഭാര്യയുമൊത്ത് റൂം എടുക്കാന്‍ വന്നപ്പോള്‍ റിസപ്ഷനിസ്റ്റ് ചോദ്യം ചെയ്തതില്‍ വച്ചുണ്ടായ വാക്കുതര്‍ക്കം പകയായുള്ള അരും കൊലയെന്നാണ് വിരോധ കാരണമായി പോലീസ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ഇടക്ക് റൂമില്‍ ഭാര്യയെ കാണാതായപ്പോള്‍ അജീഷ് എല്ലാ റൂമുകളിലും ചെന്ന് പരിശോധിച്ചതിനെ റിസപ്ഷനിസ്റ്റ് ചോദ്യം ചെയ്തതും വിരോധ കാരണമായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

നെടുമങ്ങാട് സ്വദേശികള്‍ എന്തിനാണ് ഇവിടെ റൂമെടുക്കുന്നതെന്ന് ചോദിച്ച് റിസപ്ഷനിസ്റ്റ് അസഭ്യം പറഞ്ഞതാണ് കൊലക്ക് കാരണമെന്നാണ് കേസ്. കുടുംബ പ്രശ്‌നമുണ്ടാവുമ്പോള്‍ ഇത്തരത്തില്‍ റൂമെടുക്കാറുണ്ടെന്നാണ് പ്രതി പോലീസിന് മൊഴി നല്‍കിയതായാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയുടേതായ കുറ്റസമ്മത മൊഴിയില്‍ പറയുന്നത്.

2022 ഫെബ്രുവരി 25 രാവിലെ 8.30 മണിക്കാണ് തലച്ചോറ് മരവിപ്പിക്കുന്ന സംഭവം നടന്നത്. രാവിലെ ഹോട്ടലിന് മുന്നില്‍ ബൈക്കിലെത്തിയ അജീഷ് വെട്ടുകത്തിയും ഒരു ബാഗുമായി ഹോട്ടലിനുള്ളിലേക്ക് കയറുന്നതിന്റെയും റിസപ്ഷനിലിരിക്കുകയായിരുന്ന അയ്യപ്പന്റെ കഴുത്തിലും മുഖത്തും തുരുതുരെ വെട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ സി സി റ്റി വി യില്‍ ലഭിച്ചിരുന്നു.ഇയാള്‍ പെട്ടെന്ന് തന്നെ ബൈക്കില്‍ കയറി തിര്യെ പോകുകയും ചെയ്തു. ഈ സമയം ഒപ്പമുണ്ടായിരുന്ന റൂം ബോയി ശ്യാം മാലിന്യം കളയാനായി പുറത്തേക്ക് പോയിരുന്നു. ഇയാള്‍ തിരിച്ചെത്തിയപ്പോള്‍ വെട്ടേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന റിസപ്ഷനിസ്റ്റിനെയാണ് കണ്ടത്.

മാടസ്വാമി - വേലമ്മാള്‍ ദമ്പതികളുടെ രണ്ടാമത്തെ മകനും അവിവിവാഹിതനുമാണ്. ചിദംബരം , ശിവപ്രിയ എന്നിവരാണ് സഹോദരികള്‍. കുടുംബത്തിന്റെ ഏക അത്താണിയുമായിരുന്നു.