തിരുവനന്തപുരം: മരം വീണിടിഞ്ഞ മതില്‍ കെട്ടിക്കൊടുക്കാത്ത വിരോധത്താല്‍ നടന്ന പാറശ്ശാല രാധാകൃഷ്ണന്‍ നായര്‍ കൊലക്കേസില്‍ ഒന്നാം പ്രതി പാറശ്ശാല നടുവാന്‍വിള സ്വദേശി സാദിഖ് എന്ന വിജയന് ഇരട്ട ജീവപര്യന്തവും 7 ലക്ഷം പിഴയും തലസ്ഥാന വിചാരണ കോടതി ശിക്ഷ വിധിച്ചു. തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ശിക്ഷാവിധി.

രണ്ടും മൂന്നും പ്രതികളായ പാറശ്ശാല ഇലങ്കത്തുവിള നാഗമണിക്കും രത്‌നാകരനും ഗൂഢാലോചന കുറ്റത്തിന് ജീവപര്യന്തം തടവും 3.5 ലക്ഷം വീതം പിഴയും ശിക്ഷ വിധിച്ചു. പിഴത്തുകയില്‍ 4 ലക്ഷം വീതം രാധാകൃഷ്ണന്റെ ഭാര്യക്കും 2 മക്കള്‍ക്കും നല്‍കാനും ജഡ്ജി ഷിജു ഷെയ്ക്ക് ഉത്തരവിട്ടു. 2010 ഫെബ്രുവരി 28 രാത്രി 10.30 നാണ് കൊലപാതകം നടന്നത്.

കൊല്ലപ്പെട്ട രാധാകൃഷ്ണന്‍ ഇലവുമരം മുറിച്ച സമയം രണ്ടാം പ്രതിയുടെ മതിലില്‍ വീണ് മതില്‍ ഇടിഞ്ഞത് കെട്ടിക്കൊടുക്കാത്തത് സംബന്ധിച്ച് രാധാകൃഷ്ണനും രണ്ടാം പ്രതിയും തമ്മില്‍ വഴക്കുണ്ടായി. രാധാകൃഷ്ണന്‍ രണ്ടാം പ്രതിയെ ദേഹോപദ്രവമേല്‍പ്പിച്ചു. പാറശ്ശാല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരും പാറശാല ഗവ: ആശുപതിയില്‍ അഡ്മിറ്റായി ചികിത്സയില്‍ കഴിയവേ പ്രതികള്‍ രാധാകൃഷ്ണനെ കൊല്ലാന്‍ ഗുഢാലോചന നടത്തി. പിറ്റേന്ന് പത്രവിതരണത്തിനായി എം. 80 ബ്രാന്‍ഡ് സ്‌കൂട്ടറില്‍ രാധാകൃഷ്ണന്‍ പോകേവേ ഇരുമ്പ് പിരിയന്‍ കമ്പി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയൈന്നാണ് കേസ്. പാറശ്ശാല പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീ. പ്രോസിക്യൂട്ടര്‍ വേണി ഹാജരായി.