തിരുവനന്തപുരം: ഗുണ്ടാ പിരിവ് നല്‍കാത്തതിന് കടയുടമയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പള്ളിപ്പുറം ദേശീയപാതാ ഗുണ്ടാ ആക്രമണ കേസിലെ പ്രതികള്‍ക്ക് തലസ്ഥാന വിചാരണ കോടതി 7 വര്‍ഷം കഠിന തടവും പിഴയും 35,000 വീതം പിഴയും ശിക്ഷ വിധിച്ചു. പ്രതികളായ പളളിപ്പുറം സി ആര്‍ പി എഫ് ക്യാമ്പിന് സമീപം പുതുവല്‍ പുത്തന്‍വീട് ഫെമിന മന്‍സിലില്‍ അഷ്‌റഫ് മകന്‍ ഷാനു എന്ന ഷാനവാസ് (36) , കിഴുവിലം മുടപുരം ഡീസന്റ് മുക്ക് പൂമംഗലം വീട്ടില്‍ ഫിറോസ് ഖാന്‍ (34 ) എന്നിവരെയാണ് ശിക്ഷിച്ച് ജയിലിലേക്കയച്ചത്.

തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി.രാജേഷിന്റേതാണ് ശിക്ഷാ വധി. 2021 ഫെബ്രുവരി 18 ന് വൈകിട്ട് 6.30 നാണ് സംഭവം നടന്നത്. പ്രതികള്‍ക്ക് പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പിന് സമീപം എന്‍എച്ച് റോഡില്‍ കാരമൂട് ട്രാവന്‍കൂര്‍ ബേക്കറി കടയുടമ ഗുണ്ടാ പിരിവ് നല്‍കാത്ത വിരോധത്താല്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രതികള്‍ കെ എല്‍ 16 ജെ 3636 നമ്പര്‍ ഇന്നോവ കാറില്‍ എത്തി ഒന്നാം പ്രതി ഷാനവാസ്

കത്തിയുമായി കടയില്‍ പ്രവേശിച്ച് എനിക്ക് പൈസ തരാതെ നീ ഇവിടെ കട നടത്തുമോടാ എന്ന് ചോദിച്ച് ഉടമയെ നെഞ്ചിന്‍ കുത്തിയ കുത്ത് ഉടമ തടഞ്ഞതില്‍ വച്ച് കഴുത്തില്‍ ആഴത്തില്‍ മരണ കാരണമായേക്കാവുന്ന മാര കമായ ആഴത്തിലുള്ള മുറിവ് ഏല്‍പ്പിച്ചും പുറത്തേക്ക് ഓടാന്‍ ശ്രമിക്കവേ രണ്ടാം പ്രതി ഫിറോസ് കാറില്‍ നിന്നിറങ്ങി വന്ന് ഉടമയെ തടഞ്ഞു നിര്‍ത്തി തലയുടെ പിന്‍ഭാഗത്ത് ഇടിക്കുകയും തുടര്‍ന്ന് ഷാനവാസ് വീണ്ടും 3 കുത്തുകള്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചും കടക്ക് കേടുപാടുകള്‍ സംഭവിച്ചും കുറ്റങ്ങള്‍ ചെയ്തുവെന്നാണ് കേസ്. മംഗലപുരം പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.സി.പ്രയനും അഡ്വക്കേറ്റ് റൂബിനും ഹാജരായി.