തിരുവനന്തപുരം: ഫ്‌ളാറ്റുടമക്ക് ഒത്താശ ചെയ്ത് 1.33 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തി സർക്കാരിന് നഷ്ടം വരുത്തിയെന്ന ഹർജിയിൽ അസി.കമ്മീഷണർക്കും ഫ്‌ളാറ്റുടമക്കുമെതിരെ കോടതി നിർദ്ദേശപ്രകാരം വിജിലൻസ് എസ്‌പി കേസെടുത്തു. എഫ് ഐ ആർ തിരുവനന്തപുരം വിജിലൻസ് സ്‌പെപെഷ്യൽ കോടതി ജഡ്ജി ജി.ഗോപകുമാർ മുമ്പാകെ സമർപ്പിച്ചു. നികുതി വകുപ്പ് അസി.കമ്മീഷണർ ശ്രീബിന്ദു , കവഡിയാർ ഹീരാ കൺസ്ട്രക്ഷൻസ് കമ്പനി എം.ഡി ഹീരാ ബാബു എന്ന അബ്ദുൾ റഷീദ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസെടുത്തത്. അഡ്വ.നെയ്യാറ്റിൻകര. പി.നാഗരാജ് സമർപ്പിച്ച ഹർജിയിലാണ് കേസെടുക്കാൻ കോടതി ഉത്തരവിട്ടത്.

ഒന്നാം പ്രതി ചരക്ക് സേവന നികുതി ഓഫീസിലെ വർക്‌സ് കോൺട്രാക്റ്റ് വിഭാഗത്തിൽ 2014 മെയ് 30 മുതൽ 2015 ജൂൺ 20 വരെ അസി.കമ്മീഷണർ തസ്തികയിൽ ജോലി നോക്കി വരവേ 2012-13 സാമ്പത്തിക വർഷത്തെ രണ്ടാം പ്രതിയുടെ നികുതി അസസ്‌മെമെന്റ് ഓഫീസിൽ വച്ച് ഒന്നാം പ്രതി നടത്തി 2014 ഡിസംബർ 6 ന് ഉത്തരവ് പുറപ്പെടുവിച്ചതിൽ രണ്ടാം പ്രതിയുടെ വിവിധ സബ് കോൺട്രാക്റ്റർമാർ ചെയ്ത മൊത്തം കരാർ ജോലികൾക്ക് ഫോറം 20 എച്ച് സർട്ടിഫിക്കറ്റ് പ്രകാരം അനർഹമായ നികുതി ഇളവ് രണ്ടാം പ്രതിക്ക് അനുവദിച്ച് ഒന്നാം പ്രതി പൊതു സേവക എന്ന നിലയിൽ തന്നിൽ നിക്ഷിപ്തമായിട്ടുള്ള കർത്തവ്യത്തിൽ കുറ്റകരമായ വീഴ്ച വരുത്തി രണ്ടാം പ്രതിക്ക് അനർഹമായി അന്യായ ലാഭം ഉണ്ടാക്കുന്നതിന് ഇടവരുത്തി സർക്കാരിന് നിയമപരമായി ലഭിക്കേണ്ട 1,33 , 31 ,691 രൂപ നഷ്ടം വരുത്തി പ്രതികൾ അഴിമതി നിരോധന നിയമത്തിലെ 13 (2) , 13 (1) (ഡി) (പൊതുസേവകൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തനിക്കോ മൂന്നാം കക്ഷിക്കോ അനർഹമായ സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുക്കൽ) പ്രകാരമുള്ള കുറ്റം ചെയ്തുവെന്നാണ് കേസ്.