മലപ്പുറം: ഭിന്നശേഷിക്കാരിയായ സ്ത്രിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ആശാരിപ്പണിക്കാരനായ പ്രതിക്ക് 11 വർഷം കഠിന തടവും 51,000 രൂപ പിഴയും വിധിച്ചു. ഉപ്പട ഉദിരകുളം വാര്യവീട്ടിൽ രാജീവിനെതിരെയാണ്(45) നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ.പി.ജോയ് ശിക്ഷ വിധിച്ചത്. 2015 ൽ പോത്തുകൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

നിലമ്പൂർ സർക്കിൾ ഇൻസ്പെക്ടറായിരുന്ന ഇപ്പോൾ മലപ്പുറം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.അബ്ദുൽ ബഷീർ ആണ് കേസ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സാം കെ ഫ്രാൻസിസ് ഹാജരായി. വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ പി.സി.ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ മഞ്ചേരി സബ് ജയിൽ മുഖാന്തിരം കണ്ണൂർ സെൻട്രൽ ജയിലേക്ക് അയച്ചു.

അതേ സമയം പതിനഞ്ചുകാരിയായ മകളെ ഗർഭിണിയാക്കിയ പിതാവിനെ മഞ്ചേരി പോക്‌സോ അതിവേഗ കോടതി ഇന്നലെ ജീവിതാന്ത്യം വരെ തടവിനും 6,60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. മദ്രസാധ്യാപകനും പ്രവാസിയുമായ 48 കാരെനായാണ് ജഡ്ജി കെ രാജേഷ് ശിക്ഷിച്ചത്. ഭാര്യ പുറത്തുപോയ സമയം പ്രതി കുട്ടിയെ കിടപ്പു മുറിയിലേക്ക് ബലമായി കൊണ്ടു പോയി ബലാൽസംഗം ചെയ്യുകയായിരുന്നു. 2021 മാർച്ച് മാസത്തിലാണ് സംഭവം. തുടർന്ന് ഒക്ടോബർ മാസം വരെ പലതവണ പീഡിപ്പിച്ചു.

ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്നറിഞ്ഞത്. വഴിക്കടവ് പൊലീസ് ഇൻസ്‌പെക്ടർ അബ്ദുൽ ബഷീർ ആണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ എ സോമസുന്ദരൻ 25 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 40 രേഖകളും ഹാജരാക്കി. എൻ സൽമ, പി ഷാജിമോൾ, ജോബിനി ജോസഫ് എന്നിവരായിരുന്നു പ്രോസിക്യൂഷൻ അസിസ്റ്റന്റ് ലെയ്‌സൺ ഓഫീസർമാർ.

പോക്‌സോ ആക്ടിലെ അഞ്ച്(ജെ) പ്രകാരം ജീവപര്യന്തം കഠിന തടവ്, ഒന്നര ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്, വകുപ്പ് അഞ്ച്(എൽ) പ്രകാരം ജീവപര്യന്തം കഠിന തടവ്, ഒന്നര ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്, വകുപ്പ് അഞ്ച്(എൻ) പ്രകാരം ജീവപര്യന്തം കഠിന തടവ്, രണ്ട് ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം നാലു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ.

ഇതിന് പുറമെ പോക്‌സോ ആക്ടിലെ ഒമ്പത്(എൽ) പ്രകാരം ഏഴ് വർഷം കഠിന തടവ് 25000 രൂപ പിഴ, ഒമ്പത് (എം) പ്രകാരം ഏഴ് വർഷം കഠിന തടവ് 25000 രൂപ പിഴ എന്നിങ്ങനെയും ശിക്ഷയുണ്ട്. ഈ വകുപ്പുകളിലും പിഴയടക്കാത്ത പക്ഷം ഒരോ മാസം വീതം അധിക തടവ് അനുഭവിക്കണം. ജുവനനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വർഷം കഠിന തടവും ലക്ഷം രൂപ പിഴയും പിഴയടക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവും അനുഭവിക്കണം.

പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഒരു വർഷം വെറും തടവും പതിനായിരം രൂപ പിഴയും പിഴയടക്കാത്ത പക്ഷം രണ്ടാഴ്ചത്തെ തടവ് എന്നിങ്ങനെ വേറെയും ശിക്ഷയുണ്ട്.ശിക്ഷ ഒരുമിച്ചനുഭവിച്ചനുഭവിച്ചാൽ മതി. എന്നാൽ ജീവപര്യന്തം എന്നത് മരണം വരെ കഠിന തടവെന്ന് കോടതി പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്. പ്രതി പിഴയടക്കുന്ന പക്ഷം അതിജീവിതക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.