- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളെ പീഡിപ്പിച്ച പിതാവിന് ട്രിപ്പിൾ ജീവപര്യന്തവും കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ; ഭർത്താവിനെ രക്ഷിക്കാൻ അമ്മ മൊഴി മാറ്റി പറഞ്ഞെങ്കിലും അതിജീവിതയുടെ മൊഴി മുഖവിലയ്ക്ക് എടുത്ത് കോടതി വിധി
മലപ്പുറം: മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി പോക്സോ നിയമപ്രകാരം ട്രിപ്പിൾ ജീവപര്യന്തവും കഠിന തടവും ഒന്നര ലക്ഷം രൂപയും ശിക്ഷ വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം സാധാരണ തടവും അനുഭവിക്കണം. ജഡ്ജി കെ പി. ജോയ് ആണ് ശിക്ഷ വിധിച്ചത്.
2013 ലാണ് കേസിന് ആസ്പദമായ സംഭവം. പരാതിക്കാരിയായ അതിജീവിതയുടെ മാതാവ് ഗൾഫിലായിരുന്ന കാലയളവിലാണ് 11 വയസ് മാത്രം പ്രായമുള്ള സ്വന്തം മകളെ പ്രതി ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയത്. സംഭവത്തിൽ പൂക്കോട്ടുംപാടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രധാന വിധി.
പ്രതി പിഴ അടക്കുന്ന പക്ഷം ആ തുക അതിജീവിതക്ക് നൽകുന്നതാണ്. അതിജീവിതക്ക് നഷ്ടപരിഹാരത്തിനായി ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയെ സമീപിക്കാവുന്നതാണ്. നിലമ്പൂർ സർക്കിൾ ഇൻസ്പെക്ടറായിരുന്ന കെ എം ദേവസ്യ ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സാം കെ ഫ്രാൻസിസ് ഹാജരായി. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഈ കേസിൽ ഉണ്ടായത് സുപ്രധാന വിധിയാണെന്നും അദ്ദേഹം പറഞ്ഞു. ഭർത്താവിനെ രക്ഷിക്കാൻ അതിജീവിതയുടെ മാതാവ് മൊഴി മാറ്റി പറഞ്ഞെങ്കിലും അതി ജീവിതയുടെ മൊഴി മുഖവിലയ്ക്കെടുത്താണ് കോടതിയുടെ വിധി. വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ മഞ്ചേരി സബ്ജയിൽ മുഖാന്തരം തവനൂർ സെൻട്രൽ ജയിലിലേക്ക് അയക്കും
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്