മലപ്പുറം: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും 1,00,000 രൂപ പിഴയും വിധിച്ചു. ചന്തക്കുന്ന് കരിമ്പുഴ തെക്കരത്തൊടിക വീട്ടിൽ ഷമീർ ബാബുവിനെയാണ് (37) ശിക്ഷിച്ചത്. പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. വിവിധ വകുപ്പുകളിലായി 10 വർഷം വീതമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.

പരാതിക്കാരിയായ കുട്ടി താമസിച്ചു വന്നിരുന്ന സ്വന്തം വീട്ടിൽ വെച്ച് ലൈംഗിക അതിക്രമത്തിനു പലതവണ ഇരയാക്കിയെന്നാണ് കേസ്. പിഴ അതിജീവിതയ്ക്ക് നൽകണം. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി കെ.പി. ജോയ് ആണ് ശിക്ഷ വിധിച്ചത്. നിലമ്പൂർ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന, നിലവിൽ തിരൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആയ കെ.എം. ബിജു ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ സാം കെ. ഫ്രാൻസിസ് ഹാജരായി. വഴിക്കടവ് പൊലീസ് സ്റ്റേഷനിനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷീബ പി.സി പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി മഞ്ചേരി സബ് ജയിൽ മുഖാന്തരം തവനൂർ സെൻട്രൽ ജയിലിലേക്ക് അയക്കും. പ്രതി പിഴ അടക്കുന്ന പക്ഷം അതിജീവിതക്കു നൽകുന്നതാണ്