- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിയ്യൂർ ജയിൽ അസി.സൂപ്രണ്ടിനെ മർദ്ദിച്ച കേസ്; ആകാശ് തില്ലങ്കേരിയുടെയും ജിജോ തില്ലങ്കേരിയുടെയും ജാമ്യാപേക്ഷ തള്ളി; അസി.സൂപ്രണ്ട് രാഹുലിനെ ആകാശ് മർദ്ദിച്ചത് സെല്ലിലെ ഫോൺ ഉപയോഗം ചോദ്യം ചെയ്തതോടെ
തൃശ്ശൂർ: വിയ്യൂർ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടിനെ മർദ്ദിച്ച കേസിൽ ആകാശ് തില്ലങ്കേരിയുടെയും കൂട്ടാളിയുടെയും ജാമ്യാപേക്ഷ കോടതി തള്ളി. കാപ്പ ചുമത്തി ജയിലിലടയ്ക്കപ്പെട്ട ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി(29), ജിജോ തില്ലങ്കേരി(30) എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശ്ശൂർ ജില്ലാ സെഷൻസ് കോടതി തള്ളിയത്.
സെല്ലിലെ ഫോൺ ഉപയോഗം ചോദ്യം ചെയ്ത അസിസ്റ്റന്റ് സൂപ്രണ്ട് രാഹുലിനെയാണ് പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.പ്രതികൾ സെല്ലിൽ ഫോണുപയോഗിക്കുന്നതായുള്ള സംശയം രാഹുൽ പ്രകടിപ്പിച്ചിരുന്നു. സെല്ലിനുള്ളിലെ കാഴ്ച തുണി ഉപയോഗിച്ച് മറയ്ക്കുന്നതിനെയും ജയിൽ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തിരുന്നു. ഇതിനെക്കുറിച്ച് പരാതിപ്പെടാൻ ആകാശ് തില്ലങ്കേരി ജയിലറെ സമീപിച്ചു. ഇതേസമയം തന്നെ അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടും അവിടെ എത്തി. പിന്നെയുണ്ടായ തർക്കത്തിനിടയിലാണ് ആകാശ് തില്ലങ്കേരി ഉദ്യോഗസ്ഥനെ മർദ്ദിച്ചത്.
ജൂൺ 25ന് ഉച്ചയ്ക്കായിരുന്നു ആകാശ് അസി. സൂപ്രണ്ടിനെ ആക്രമിച്ചത്. സൂപ്രണ്ടിന്റെ ചെവിയുടെ പിൻഭാഗത്തും തോളിലും ആകാശ് ഇടിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. ജിജോ അസി. സൂപ്രണ്ടിനു നേർക്കു വധഭീഷണി മുഴക്കി. പരുക്കേറ്റ സൂപ്രണ്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സെല്ലിനുള്ളിലെ കാഴ്ച മറയ്ക്കുംവിധം ആകാശ് തുണികെട്ടിയത് അസി. സൂപ്രണ്ട് എടുത്തു മാറ്റുകയും താക്കീതു നൽകുകയും ചെയ്തതാണു വിരോധത്തിനു കാരണം. വിയ്യൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജയിലിലെ സിസിടിവി ദൃശ്യങ്ങളടക്കം തെളിവായി.
സംഭവത്തിന് പിന്നാലെ ആകാശിനെ അതിസുരക്ഷാ ജയിലിലേയ്ക്ക് മാറ്റിയിരുന്നു.ആകാശിനെതിരെ രണ്ട് കൊലപാതകം ഉൾപ്പെടെ പതിനാല് കേസുകളുണ്ട്. ജിജോയ്ക്കെതിരെ 23 കേസുകളും. ഷുഹൈബ് വധം പാർട്ടി ആഹ്വാന പ്രകാരം താൻ നടത്തിയതാണെന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് സിപിഎം ആകാശിനെതിരെ തിരിഞ്ഞത്. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി.കാപ്പാ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ച ആകാശ് തില്ലങ്കേരിയെയും, ജിജോയേയും തില്ലങ്കേരിയെയും പിന്നീട് തൃശൂരിലെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു..കാപ്പ തടവുകാരെ സ്വന്തം ജില്ലകളിലെ ജയിലുകളിൽ പാർപ്പിക്കരുതെന്നാണ് ചട്ടപ്രകാരമായിരുന്നു ജയിൽ മാറ്റം.
മറുനാടന് മലയാളി ബ്യൂറോ