ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ പുറപ്പെടുവിച്ച വിധി കേരള ഹൈക്കോടതി കെട്ടിടത്തിന് ബാധകമല്ലെന്ന് സുപ്രീംകോടതി. ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി നിലനിർത്തണമെന്ന് 2022 ജൂണിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ കേരളം സമർപ്പിച്ച പുനഃപരിശോധന ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേരള ഹൈക്കോടതി ബഫർ സോണിലാണെന്ന് വാദത്തിനിടെ സംസ്ഥാന സർക്കാറിന്റെ അഭിഭാഷകൻ അറിയിക്കുകയായിരുന്നു. ഇതോടെ ഹൈക്കോടതി കെട്ടിടത്തിന് കുഴപ്പമുണ്ടാകില്ലെന്ന് കോടതി പ്രതികരിച്ചു.

കേരളത്തിന്റെ അടക്കം ആശങ്ക പരിഗണിച്ച് വിധിയിൽ കഴിഞ്ഞ ഏപ്രിൽ 26ന് വ്യക്തത വരുത്തിയിട്ടുണ്ട്. അതിനാൽ കേരളത്തിന്റെ പുനഃപരിശോധന ഹരജിയിൽ പ്രത്യേക ഉത്തരവിറക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.