തിരുവനന്തപുരം: കഞ്ചാവ് വിൽപ്പന തടഞ്ഞതിന് കൊലപാതകം നടത്തിയ കേസിൽ, മൂന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും 50'000 രൂപ വീതം പിഴയും. കരിമഠം കോളനിക്ക് ഉള്ളിലെ കഞ്ചാവ് വിൽപ്പന തടഞ്ഞ കരിമഠം കോളനിയിൽ താമസം ഇസ്മായിൽ മകൻ വാള് നാസ്സർ എന്ന് വിളിക്കുന്ന നാസ്സറിനെ (30) വെട്ടി കൊലപ്പെടുത്തിയ കേസ്സിൽ കരിമഠം കോളനി സ്വദേശികളായ തങ്കപ്പൻ മകൻ അമാനം സതി എന്നു വിളിക്കുന്ന സതി (52), സൈനുലാബ്ദീൻ മകൻ നസീർ (40), ഷറഫുദീൻ മകൻ തൊത്തി സെയ്താലി എന്ന് വിളിക്കുന്ന സെയ്താലി (50) എന്നിവരെയാണ്് ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണു ശിക്ഷ വിധിച്ചത്.

പിഴ ഒടുക്കിയില്ലങ്കിൽ 6 മാസം കുടി കഠിനതടവ് അനുഭവിക്കണം. ജീവപര്യന്തം കഠിന തടവിന് പുറമേ നിയമവിരുദ്ധമായ സംഘം ചേരൽ, നിയമവിരുദ്ധമായ സംഘം ചേർന്ന് ലഹള നടത്തൽ,മാരകായുധത്തോടു കൂടി ലഹള നടത്തൽ എന്നീ കുറ്റങ്ങൾക്ക് മൂന്ന് മാസം കൂടി അധികതടവ് അനുഭവിക്കണം. കൂട്ടുപ്രതികളായ കരിമഠം കോളനി നിവാസികളായ ഉണ്ടക്കണ്ണൻ ജയൻ എന്ന് വിളിക്കുന്ന ജയൻ, കാറ്റ് നവാസ് എന്ന് വിളിക്കുന്ന നവാസ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. 8 പ്രതികളുണ്ടായിരുന്ന കേസ്സിൽ വിചാരണ ആരംഭിച്ചത് 18 വർഷങ്ങൾക്ക് ശേഷമാണ്.വിചാരണ തുടങ്ങും മുമ്പ് കേസിലെ കൂട്ടുപ്രതികളായ അയ്യപ്പൻ, ഷാജി, മനു എന്നിവർ മരണപ്പെട്ടു.

2006 സെപ്റ്റംബർ 11 ന് വൈകിട്ട് 5.30 ന് കരിമഠം കോളനിക്കുള്ളിലെ കാമാക്ഷി അമ്മൻ ക്ഷേത്രത്തിന് മുന്നിലിട്ടാണ് പ്രതികൾ നാസ്സറിനെ ആക്രമിച്ചത്.കൊല്ലപ്പെട്ട വാള് നാസ്സർ എന്ന നാസ്സർ മയക്ക് മരുന്ന് വിൽപ്പനയെ എതിർക്കുന്ന റെസ്റ്റ് ഓഫ് ഇന്ത്യ എന്ന സംഘടനയിലെ ഭാരവാഹിയാണ്. നഗരത്തിലെ പ്രധാന മയക്ക് മരുന്ന് വിൽപ്പനക്കാരനും കരിമഠം സ്വദേശിയുമായ അമാനം സതി എന്ന സതിയോട് ഇനി മയക്ക് മരുന്ന് കച്ചവടം നടത്തിയാൽ പൊലീസിന് വിവരം നൽകുമെന്ന് കൊല്ലപ്പെട്ട നാസ്സർ പറഞ്ഞിരുന്നു. ഇങ്ങനെ പറഞ്ഞ് 10 മിനിറ്റ് ആകുന്നതിന് മുൻപ് അമാനം സതി സുഹൃത്തുക്കളുമായി എത്തി നാസ്സറിനെ വെട്ടിയും കുത്തിയും മാരകമായി പരിക്കേൽപ്പിച്ചതായി കരിമഠം നിവാസികളായ ഷിബുവും രാജേഷും കോടതിയിൽ മൊഴി നൽകി. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നസീർ 23-ാം ദിവസം മരണപ്പെട്ടു.

പ്രധാന പ്രതിയായ അമാനം സതി മറ്റൊരു മയക്ക് മരുന്ന് വിൽപ്പന കേസിൽ ശിക്ഷിക്കപ്പെട്ട് ഇപ്പോൾ ജയിലിലാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ: എം. സലാഹുദ്ദീൻ, എ.ആർ.ഷാജി, ദേവിക മധു, അഖില ലാൽ എന്നിവർ ഹാജരായി. 16 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.35 രേഖകളും 8 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി.