തിരുവനന്തപുരം: നിരോധിത ഉപഗ്രഹ ഫോണുമായി റഷ്യൻ പൗരൻ തലസ്ഥാനത്തെ എയർപോർട്ടിൽ എത്തിയ കേസിൽ പ്രതി കെയ്ദോ കാർമയെ കോടതി റിമാന്റ് ചെയ്തു. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ.വി. രവിതയാണ് പ്രതിയെ റിമാൻഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റിയത്.

ഇന്ത്യയിൽ നിരോധിച്ച ഉപഗ്രഹ ഫോണുമായി എത്തിയ റഷ്യൻ പൗരനെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടുകയായിരുന്നു. മോസ്‌കോ സ്വദേശി കെയ്‌ദോ കാർമയെ(51) ആണ് പരിശോധനയ്ക്കിടെ സിഐ.എസ്.എഫ്. പിടികൂടിയത്. ഫോണും അനുബന്ധ ഉപകരണങ്ങളും എക്‌സ്‌റേ പരിശോധനയിലൂടെയാണ് സുരക്ഷാസേന ബാഗിനുള്ളിൽ നിന്ന് കണ്ടെടുത്തത്. സെൻട്രൽ ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത ശേഷം വലിയതുറ പൊലീസിൽ വിവരം നൽകി കേസ് രജിസ്റ്റർ ചെയ്യിപ്പിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടരന്വേഷണം എൻ ഐ എ ഏറ്റെടുക്കും.

ഖത്തർ എയർവേയ്‌സിന്റെ വിമാനത്തിൽ 2024 ജനുവരി 21 ഞായറാഴ്ച രാവിലെയാണ് ഇയാൾ തിരുവനന്തപുരത്ത് എത്തിയത്. ഇന്ത്യൻ സർക്കാരിന്റെ അനുമതിയോ ബന്ധപ്പെട്ട രേഖകളോ ഇല്ലാതെയാണ് ഇയാൾ ഫോണുമായി എത്തിയത്.