തിരുവനന്തപുരം: പേരൂർക്കടയിലെ അലങ്കാര ചെടി വിൽപ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീത മോളെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രതി തമിഴ്‌നാട്ടിൽ നടത്തിയ സമാന സ്വഭാവമുള്ള കൊലപാതകങ്ങളുടെ എഫ്.ഐ.ആർ അടക്കമുള്ള തമിഴ്‌നാട് കോടതിയിലെ രേഖകളാണ് പ്രോസിക്യൂഷൻ ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൻ മോഹനന് മുന്നിൽ ഹാജരാക്കിയത്. തമിഴ്‌നാട് കാവൽകിണർ സ്വദേശി രാജേന്ദ്രനാണ് കേസിലെ ഏക പ്രതി.

വിനീതമോളുടെ കഴുത്തിൽ കിടന്ന നാലര പവൻ തൂക്കമുള്ള മാല കവരുന്നതിനാണ് രാജേന്ദ്രൻ കൊലപാതകം ചെയ്തതെന്നാണ് പ്രോസിക്യൂഷൻ കേസ്. സമാന സ്വഭാവമുള്ള മൂന്ന് കൊലപാതകങ്ങൾ തമിഴ്‌നാട്ടിൽ ചെയ്ത ശേഷം ജാമ്യത്തിൽ കഴിയവേയാണ് പ്രതി പേരൂർക്കടയിലെ കൊലപാതകം നടത്തിയത്.

തമിഴ്‌നാട് തിരുനെൽവേലി ആരുൽവായ് മൊഴി വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യ, ഭാര്യ വാസന്തി, വളർത്തുമകൾ അഭിശ്രീ(13) എന്നിവരെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിലെ എഫ്. ഐ. ആർ അടക്കമുള്ള രേഖകളാണ് കോടതിയിൽ ഹാജരാക്കിയത്. തമിഴ് ഭാഷയിലായിരുന്ന എഫ്.ഐ.ആർ സംസ്ഥാന നിയമ വകുപ്പിലെ വിവർത്തകനെ കൊണ്ട് പരിഭാഷപ്പെടുത്തിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. കേസ് വിചാരണ, പ്രതിക്ക് മനസിലാകാൻ ദ്വിഭാഷിയെ നിയമിക്കണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചു. അഭിഭാഷകയായ ആർ. കെ. രാജേശ്വരിയാണ് കേസിലെ ദ്വിഭാഷി.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി. 2022 ഫെബ്രുവരി ആറിന് പട്ടാപകൽ 11.30 നാണ് വിനീതമോളെ അലങ്കാരചെടി വിൽപ്പനശാലയിൽ വച്ച് പ്രതി കുത്തി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതി വിനീതമോളുടെ മാല കാവൽകിണറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയംവച്ച് പണം വാങ്ങിയിരുന്നു.