കണ്ണൂർ: കർണ്ണാടകത്തിൽ നിന്നും കാറിൽ കടത്തി കൊണ്ട് വരികയായിരുന്ന മയക്കുമരുന്നുമായി പിടിയിലായ രണ്ട് പ്രതികൾക്ക് 12 വർഷം കഠിന തടവും, ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. വിധിച്ചു. കണ്ണൂർ ഇരിട്ടി കീഴൂർ ഉളിയിൽ കുന്നും കീച്ചൽ സായിഖർ ഹൗസിൽ ജസീർ എസ് എം(44), ഇരിട്ടി ഉളിയിൽ നരയൻ പാറ പി കെ ഹൗസിൽ സമീർ പി കെ(46)എന്നിവരെയാണ് വടകര എൻ ഡി പി എസ് കോടതി ജഡ്ജ് വി പി എം സുരേഷ്ബാബു ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവ് അനുഭവിക്കണം.ഈ കേസിൽ കൂറുമാറിയ ആറും,ഏഴും സാക്ഷികളായ സി പി എം നേതാക്കൾ ക്കെതിരെ സി ആർ പി സി സെക്ഷൻ 344 പ്രകാരം നടപടി സ്വീകരിക്കാനും കോടതി ഉത്തരവിട്ടു. സി പി എം പായം ലോക്കൽ കമ്മറ്റി അംഗവും മുൻ ഗ്രാമ പഞ്ചായത്ത് അംഗവുമായ ഇരിട്ടി കിളിയത്തറ നടുവിലേടത്ത് പി എൻ സുരേഷ്(54), നിലവില്ലാത്തെ പഞ്ചായത്ത് മെമ്പർ ഇരിട്ടി വിളമന കിളിയന്തറ മടത്തി പറമ്പിൽ അനിൽ എം കൃഷ്ണൻ(44)എന്നിവരാണ് കോടതിയിൽ കൂറുമാറിയത്. കോടതിക്ക് മുന്നിൽ തെറ്റായ തെളിവുകൾ നൽകിയതിന് നീതിയുടെ താൽപര്യം പരിഗണിച്ച് ഇവർക്കെതിരെയുള്ള നടപടി തുടരാനും കോടതി ഉത്തരവിട്ടു.