- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷണക്കേസിൽ പ്രതികളുമായി ഒത്തു കളിച്ച് എഫ് ഐ ആറിൽ തിരിമറി
തിരുവനന്തപുരം: പ്രതികളെ കുറവ് ചെയ്ത് എഫ്. ഐ. ആർ എടുത്ത് മോഷണക്കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷിക്കാൻ നേമം എസ്ഐ ഷിജു. വി. എൽ ശ്രമിക്കുന്നുവെന്ന പരാതിയിൽ കേസ് അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാൻ നേമം പൊലീസ് സർക്കിൾ ഇൻസ്പെക്ടറോട് കോടതി ഉത്തരവിട്ടു. നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണുത്തരവ്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി മറ്റൊരു സബ് ഡിവിഷനിലെ ഉദ്യോഗസ്ഥനെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പാപ്പനംകോട് സ്വദേശി കൃഷ്ണകുമാർ അഡ്വ. നെയ്യാറ്റിൻകര പി. നാഗരാജ് മുഖേന സമർപ്പിച്ച ഹർജിയിലാണ് നാളിതുവരെയുള്ള അന്വേഷണ റിപ്പോർട്ട് മാർച്ച് 13 നകം ഹാജരാക്കാൻ മജിസ്ട്രട്രേട്ട് എൻ. മഹേഷ് ഉത്തരവിട്ടത്.
2023 നവംബർ 14 ഉച്ചതിരിഞ്ഞ് 3 മണിക്കാണ് കേസിനാസ്ദമായ സംഭവം നടന്നത്. പാപ്പനംകോട് പുഴിക്കുന്ന് സ്വദേശികളും പിടിച്ചുപറി , വധശ്രമം ഉൾപ്പെടെ അനവധി ക്രിമിനൽ കേസുകളിൽ പ്രതികളുമായ മനു , അരുൺ, സജു , സുമേഷ് എന്നിവരും കണ്ടാലറിയാവുന്ന രണ്ടു പേരും ചേർന്ന് കൃഷ്ണകുമാറിന്റെ വീട്ട് കോംപൗണ്ട് മതിൽക്കെട്ടിനുള്ളിൽ അതിക്രമിച്ച് കടന്ന് 3,500 രൂപ വീതം വില വരുന്ന 2 ടർക്കി കോഴികളേയും 2,000 രൂപ വിലവരുന്ന ഒരു അലുമിനിയം ഉരുളിയും മോഷണം ചെയ്തുകൊണ്ടുപോകുകയായിരുന്നു. ഉടൻ കൃഷ്ണകുമാർ രേഖാമൂലം പരാതി തയ്യാറാക്കി നേമം പൊലീസ് സ്റ്റേഷനിൽ ചെന്ന് 3.15 മണിക്ക് നൽകി നടപടിക്കായി കാത്തിരുന്നു. എന്നാൽ തൽസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ. ഷിജു. വി.എൽ. കേസ് എടുക്കാതെ വിഷയം ഒതുക്കി തീർക്കാമെന്ന് പറയുകയും പ്രതികളിൽ ചിലർ അദ്ദേഹത്തിന്റെ പൂഴിക്കുന്നിൽ താമസിക്കുന്ന ബന്ധുവിന്റെ അടുപ്പക്കാർ ആണെന്നും വിഷയം പറഞ്ഞു തീർക്കാമെന്ന് പറയുകയും എന്നാൽ അത് പറ്റില്ലെന്നും പ്രതികൾക്കെതിരെ കേസ് എടുത്ത് മോഷണ തൊണ്ടിമുതലുകൾ വീണ്ടെടുത്ത് നിയമ നടപടി സ്വീകരിക്കണമെന്ന് യുവാവ് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ എസ് ഐ കേസെടുക്കാതെ വൈകിട്ട് 5.54 വരെ യുവാവിനെ സ്റ്റേഷനിൽ ഇരുത്തി ഒരു രസീത് മാത്രം നൽകി തിരിച്ചയച്ചു.
10 ദിവസം കാത്തിരുന്നിട്ടും കേസെടുക്കാത്തതിനാൽ യുവാവ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണറെ (ലാ ആൻഡ് ഓർഡർ) കണ്ട് പരാതി നൽകി. അത് പ്രകാരം രണ്ടു ദിവസം കഴിഞ്ഞ് എസ്ഐ യുവാവിനെ സ്റ്റേഷനിൽ വിളിച്ച് നാമമാത്രമായി എഫ്.ഐ. ആർ രജിസ്റ്റർ ചെയ്തു. എന്നാൽ യുവാവ് നവംബർ 14 ന് രേഖാമൂലം നൽകിയ പരാതി മറച്ചു വെച്ച് വായ്മൊഴിയാലാണ് പരാതി പറഞ്ഞതെന്ന് കാണിച്ച് 4 പ്രതികളെ ഒഴിവാക്കി സുമേഷ് എന്നയാളും കണ്ടാലറിയാവുന്ന 4 പേരും എന്ന് മാത്രം പ്രതി കോളത്തിൽ ചേർത്ത് കേസ് എടുത്ത് ഭീഷണിപ്പെടുത്തി പ്രഥമ വിവര മൊഴിയിൽ ഒപ്പിടുവിച്ചുവെന്നും യുവാവ് കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു.
ഇതിനിടെ ഡിസംബർ 4 ന് 5 പ്രതികളും തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു. ജില്ലാ കോടതി പൊലീസ് റിപ്പോർട്ട് ഡിസംബർ 8 ന് ഹാജരാക്കാൻ നേമം സർക്കിൾ ഇൻസ്പെക്ടറോട് ഉത്തരവിട്ടു. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പിൽ പൊലീസ് ഒത്താശയോടെ പ്രതികൾ ഡിസംബർ 8 ന് ജാമ്യാപേക്ഷ പിൻവലിച്ചതിന്റെ രേഖകളുമടക്കം 8 രേഖകൾ യുവാവ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.