തിരുവനന്തപുരം: പാലോട് ബാലകൃഷ്ണൻ പിള്ള വധ കേസിലെ ഒന്നാം പ്രതിക്ക് പതിനാറ് വർഷവും ഒന്നര ലക്ഷം രൂപയും രണ്ടാം പ്രതിക്ക് ഒരു വർഷവും 40,000 രൂപയും പിഴ. പാങ്ങോട് മൈലമൂട് ദേശത്ത് വാഴോട്ട് കാല തടത്തരികത്ത് വീട്ടിൽ റോണി എന്ന് വിളിക്കുന്ന അനീഷ് (42), കൊച്ചാന കല്ലുവിള വേലന്മുക്ക് നളൻ (42) എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രതികൾ.

ഒന്നാം പ്രതിയെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ നരഹത്യ വകുപ്പ് 304 പ്രകാരം പത്ത് വർഷ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിന തടവും, 450 വകുപ്പ് പ്രകാരം ആറ് വർഷവും 50,000 രൂപ പിഴയു പിഴ അടച്ചില്ലെങ്കിൽ ആറു മാസം കഠിന തടവിനും, 426 വകുപ്പ് അനുസരിച്ച് രണ്ട് മാസ കഠിന തടവും. രണ്ടാം പ്രതിക്ക് 451 വകുപ്പ് പ്രകാരം ഒരു വർഷവും 40,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസ കഠിന തടവും, 426 വകുപ്പ് പ്രകാരം രണ്ട് മാസം കഠിന തടവിന് വിധിച്ചു. ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ. പി. അനിൽകുമാറിന്റെ താണ് ഉത്തരവ്. പ്രതികൾ ശിക്ഷ കാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് ഉത്തരവിൽ പറയുന്നു.

2016 മാർച്ച് 31 ന് ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഒന്നും രണ്ടും പ്രതികൾ കോട്ടയപ്പൻ കാവ് പോസ്റ്റ് ഓഫീസിന് സമീപം ഉള്ള കൊല്ലപ്പെട്ട ബാലകൃഷണപിള്ള നടത്തുന്ന സ്റ്റേഷണറി കടയിൽ സാധനങ്ങൾ വാങ്ങിയിട്ട് പണം നൽകാതെ പോകാൻ ശ്രമിച്ചതിന് കൊല്ലപ്പെട്ട ആൾ ചോദിച്ചതും, മുൻപും സാധനങ്ങൾ കടം വാങ്ങിയിരുന്ന വകയിൽ കൊടുക്കാനുള്ള പണം ആവശ്യപ്പെട്ടതിൽ വച്ചും പ്രകോപിതരായ പ്രതികൾ കടയിൽ അതിക്രമിച്ച് കയറി കടയിൽ ഉണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തത് തടയാൻ ശ്രമിച്ച ബാലകൃഷ്ണപിള്ളയെ ഒന്നാം പ്രതി കവിളിൽ കൈ കൊണ്ട് കുത്തി പിടിച്ച് തലയിൽ ശക്തമായി ഇടിച്ചും പിടിച്ച് തറയിൽ തള്ളിയതിൽ വച്ച് കടയിലെ തട്ടിയിലും തറയിലും ഇടിച്ച് തലയ്ക്ക് ഏറ്റ ഗുരുതര പരുക്കുകൾ കാരണം ആശുപതിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചു.

രണ്ടാം പ്രതി ഒന്നാം പ്രതിയോടൊപ്പം കടയിൽ അക്രമം കാണിച്ചതിനും അധികൃമിച്ച് കയറിയതിനുമാണ് ശിക്ഷ. ഈ സംഭവത്തിന് തുടർന്ന് അന്നേ ദിവസം വൈകുന്നേരം മൈലം മൂട് എന്ന സ്ഥലത്ത് വച്ച് കേസിലെ ഏഴാം സാക്ഷി അഖിൽ ദാസനെ ആക്രമിച്ച് ഗുരുതര പരുക്ക് ഏൽപ്പിച്ചതിന് രണ്ടു പ്രതികൾക്ക് എതിരെ വധശ്രമത്തിന് മറ്റൊരു കേസ് പാങ്ങോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിതിട്ടുണ്ട്. പ്രോസിക്യൂഷൻ ഭാഗം 16 സാക്ഷികളെയു, 35 രേഖകളും നാല് തൊണ്ടിമുതലുകളും വിചാരണ സമയത്ത് പരിഗണിച്ചു. സംഭവം നടക്കുമ്പോൾ കൊല്ലപ്പെട്ട ആളുടെ കടയുടെ അടുത്ത് കട നടത്തിയിരുന്ന മൂന്നാം സാക്ഷി കരുണാകരൻ കൂറുമാറിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി റെക്‌സ്, അഭിഭാഷകരായ സി.പി. രഞ്ജു, ജി.ആർ. ഗോപിക, ഇനില എന്നിവർ ഹാജരായി