തിരുവനന്തപുരം: 54 ഗ്രാം വാണിജ്യ അളവിൽ മാരക സിന്തറ്റിക് ലഹരിയായ എം ഡി.എം.എ അമരവിള ചെക്ക് പോസ്റ്റ് വഴി കടത്തിയ എൻഡിപിഎസ് കേസിൽ കടത്തുകാരും പണം മുടക്കിയവരുമടക്കമുള്ള 7 യുവാക്കൾക്ക് മേൽ കോടതി കുറ്റം ചുമത്തി. തിരുവനന്തപുരം ചിറ്റാറ്റുമുക്ക് കൈപ്പള്ളി നഗർ സ്വദേശി സജേഷ്.എസ് (24), ഷുഹൈബ്. എ. എസ് , നൈജീരിയക്കാരും രാജ്യാന്തര കടത്തുകാരുമായ തുമ്പ നുക്കണ്ടി ലെവി, അർണോൾഡ് എൻകുന, വൻ ലാഭം കൊയ്യാനായി ലഹരിക്കടത്ത് ബിസിനസിൽ പണം അയച്ചു കൊടുത്ത രാഹുൽ. എം. ജി , അമൽ. എം. നായർ, വിഷ്ണു വിക്രമൻ എന്നിവർക്കെതിരെയാണ് വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്തിയത്.

തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി ജി. രാജേഷാണ് പ്രതികൾക്ക് മേൽ കുറ്റം ചുമത്തിയത്. പ്രതികളുടെ മൊബൈൽ ഫോൺ മെസേജ് - വിളികളുടെ ഹാർഡ് ഡിസ്‌ക് ഫോറൻസിക് പരിശോധനക്കയക്കാൻ പെൻ ഡ്രൈവ് കുറ്റകൃത്യം കണ്ടുപിടിച്ച് പ്രതികളെ അറസ്റ്റ് ചെയ്ത സെൻട്രൽ സൗത്ത് സോൺ നർകോട്ടിക് കൺട്രോൾ ബ്യൂറോ കൊച്ചി ഓഫീസിലെ ഉദ്യോഗസ്ഥൻ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. അതേസമയം പോളി സബ്സ്റ്റൻസ് അബ്യൂസ് എന്ന അസുഖം രോഗനിർണ്ണയം ചെയ്യപ്പെട്ട ഒന്നാം പ്രതി സജേഷിന് മാനസിക രോഗമില്ലെന്നും വിചാരണക്ക് യോഗ്യനെന്നും കോടതി ഉത്തരവിട്ടു. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

2024 ഫെബ്രുവരി 6 ന് ജയിലിൽ നിന്ന് പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്ര ആശുപത്രിയിൽ പോളി സബ്സ്റ്റൻസ് അബ്യൂസ് എന്ന അസുഖത്തിന് ഇൻ പേഷ്യന്റായി അഡ്‌മിറ്റായ സജേഷിനെ അതേ മാസം 28 ന് ഡിസ്ചാർജ് ചെയ്തു ജയിലിലേക്ക് തിരിച്ചയച്ചു. ക്രിമിനൽ നടപടി ചട്ടത്തിലെ വകുപ്പ് 329 പ്രകാരം ചിത്ത രോഗികൾ വിചാരണക്ക് യോഗ്യരാണോയെന്നറിയാൻ കോടതി നേരിട്ട് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഡോക്ടറെ വിളിച്ചു വരുത്തി മൊഴിയെടുത്തു.

പ്രതിയുടെ അവസ്ഥ മെച്ചപ്പെട്ടതായും ഭേദമായതായും ആശുപത്രിയിൽ പേരു വെട്ടിയ അന്നു മുതൽ പ്രതി പൂർണ്ണ മാനസിക ശാരീരിക ആരോഗ്യവാനാണെന്നും വിചാരണക്ക് യോഗ്യനാണെന്നും ഡോക്ടർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉദ്ധരിച്ച് മൊഴി നൽകി. തെളിവെടുപ്പിനൊടുവിൽ പ്രതി തന്റെ കേസ് ഡിഫന്റ് ചെയ്യാൻ പ്രാപ്തനാണെന്നും കോടതി മുമ്പാകെ നടക്കുന്ന നടപടിക്രമങ്ങൾ അറിയാൻ പ്രതി പ്രാപ്തനാണെന്നും ആയതിനാൽ പ്രതി വിചാരണ നേരിടാനും കോടതി ഉത്തരവിട്ടു.

പ്രതികളുടെ ജാമ്യ ഹർജികൾ കോടതി തള്ളി. കൽതുറുങ്കിൽ കഴിഞ്ഞ് വിചാരണ നേരിടാൻ കോടതി ഉത്തരവിട്ടു. വിധി വരും വരെ പ്രതികൾ പുറംലോകം കാണണ്ടെന്ന് കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം കണ്ടുപിടിച്ച് പ്രതികളെ തൊണ്ടി സഹിതം പിടികൂടിയത് സെൻട്രൽ സൗത്ത് സോൺ നർകോട്ടിക് കൺട്രോൾ ബ്യൂറോ കൊച്ചി ഉദ്യോഗസ്ഥരാണ്.