തിരുവനന്തപുരം: പി എസ് സി ജോലി വാഗ്ദാനം ചെയ്ത് 80 ലക്ഷത്തോളം രൂപയുടെ ജോലി തട്ടിപ്പ് നടത്തിയ കേസിലെ മൂന്നാം പ്രതി കോട്ടയം സ്വദേശിനി ജോയ്‌സി ജോർജ് ജാമ്യത്തിലിറങ്ങി. ഹൈക്കോടതി അനുവദിച്ച ജാമ്യം മജിസ്‌ട്രേട്ട് കോടതിയിൽ എക്‌സിക്യൂട്ട് ചെയ്തു. വിചാരണക്കോടതിയായ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി എൽസാ കാതറിൻ ജോർജ് മുമ്പാകെ ഹൈക്കോടതി ജാമ്യ ഉത്തരവും ജാമ്യ ബോണ്ടും ജാമ്യക്കാർ ഹാജരാക്കിയതിനെ തുടർന്ന് പ്രതിയെ ജയിലിൽ നിന്നും വിട്ടയക്കാൻ കോടതി ജയിൽ സൂപ്രണ്ടിന് വിടുതൽ ഉത്തരവ് നൽകുകയായിരുന്നു.

2023 സെപ്റ്റംബർ 18 നാണ് ജോയ്‌സി അറസ്റ്റിലായത്. ഇതോടെ മുഖ്യ പ്രതികളായ രാജലക്ഷ്മിയും രശ്മിയുമടക്കം എല്ലാ പ്രതികളും ജയിൽ മോചിതരായി. അട്ടക്കുളങ്ങര വനിതാ ജയിൽ സൂപ്രണ്ട് രശ്മിയുമൊത്ത് സിഡബ്ല്യു സി യിൽ ചെന്ന് കുഞ്ഞിനെ ഏറ്റുവാങ്ങാനും കോടതി ഉത്തരവിട്ടു.

വഞ്ചനക്കായി വാടകക്കെടുത്ത പൊലീസ് യൂണിഫോം ധരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് പൊലീസ് ഓഫീസറെന്ന് ആൾമാറാട്ടം നടത്തി പണം തട്ടിയെന്നാണ് ഒന്നാം പ്രതി രാജലക്ഷ്മിക്കെതിരായ കേസ്. മൂന്നാം പ്രതി ജോയ്‌സി ജോർജിനെയടക്കം കോടതി 4 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കേസ് റെക്കോഡ്, കസ്റ്റഡി അപേക്ഷ, അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച സത്യവാങ്മൂലം എന്നിവ പരിഗണിക്കുമ്പോൾ ശരിയായ രീതിയിലുള്ള അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയിൽ വിടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വിലയിരുത്തിയാണ് കസ്റ്റഡിയിൽ വിട്ടത്. തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കണ്ടെത്താനും ഉദ്യോഗാർത്ഥികളിൽ നിന്നും വഞ്ചനയിലൂടെ സ്വരൂപിച്ച പണം വീണ്ടെടുക്കുന്നതിനും പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യാൻ അനുമതി തേടിയുള്ള ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷയിലായിരുന്നു കോടതി ഉത്തരവ്.

പി.എസ്.സി.യിൽ ജോലി വാഗ്ദാനം ചെയ്ത് 80 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി രശ്മിയാണ് ആദ്യം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. തൃശ്ശൂർ ആമ്പല്ലൂർ സ്വദേശി രശ്മിയാണ് മൂന്നുവയസ്സുള്ള കുട്ടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ സെപ്റ്റംബർ 17 ന് കീഴടങ്ങിയത്. ഒന്നാം പ്രതി രാജലക്ഷ്മി സെപ്റ്റംബർ 18 ന് വൈകിട്ട് കഴക്കൂട്ടം സ്റ്റേഷനിൽ കീഴടങ്ങി.

പി എസ് സി ഉദ്യോഗസ്ഥയെന്ന വ്യാജേന ആൾമാറാട്ടത്തിലൂടെ ഓൺലൈൻ അഭിമുഖം നടത്തിയ മൂന്നാം പ്രതി കോട്ടയം സ്വദേശിനി ജോയ്‌സി ജോർജ് 2023 സെപ്റ്റംബർ 18 ന് കോട്ടയത്ത് അറസ്റ്റിലായി. മുഖ്യ പ്രതി രാജലക്ഷ്മി അടൂരിൽ താമസിക്കവേ രാജലക്ഷ്മിയുടെ കുട്ടിയെ നോക്കിയിരുന്നത് ജോയ്‌സിയാണ്. ആ സമയത്ത് തുടങ്ങിയ പരിചയമാണ് തട്ടിപ്പിലേക്ക് നീണ്ടത്.

പണം വാങ്ങി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാക്കിയവരെ പി എസ് സി ഉദ്യോഗസ്ഥയെന്ന വ്യാജേനയാണ് ജോയ്‌സി അഭിമുഖം നടത്തിയത്. പരാതിക്കാരുടെ വാട്‌സാപ്പിൽ നിന്ന് ഇവരുടെ ചിത്രം വീണ്ടെടുത്തതോടെയാണ് ജോയ്‌സിയുടെ ഇടപെടൽ വ്യക്തമായത്. ഒന്നര വർഷം മുമ്പേ രാജലക്ഷ്മി തട്ടിപ്പിന് തുടക്കമിട്ടതായി പൊലീസിന് വിവരം ലഭിച്ചു. തട്ടിയെടുത്ത പണത്തിൽ സിംഹ ഭാഗവും അക്കൗണ്ട് മുഖേനയും ബാങ്കിൽ നിന്നും പിൻവലിച്ചും ചെലവഴിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.