തിരുവനന്തപുരം: വര്‍ക്കല ന്യൂ ജംഗിള്‍ ക്ലിഫ് റിസോര്‍ട്ടില്‍ 7.320 കിലോ കഞ്ചാവും 90 മി.ഗ്രാം മാരക എം ഡി എം എ യും ത്രാസും പിടിച്ചെടുത്ത മയക്കുമരുന്ന് കേസില്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചുള്ള കുറ്റം ചുമത്തലിന് എല്ലാ പ്രതികളും 13 ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി.രാജേഷിന്റെതാണുത്തരവ്.

യുവതിയും റിസോര്‍ട്ടുടമയും അടക്കം 11 പ്രതികളാണ് ഹാജരാകേണ്ടത്. റിസോര്‍ട്ട് ഉടമ ഓടയം തൈക്കാപ്പള്ളിക്ക് സമീപം അല്‍ അമന്‍ വിട്ടില്‍ സല്‍മാന്‍ (27) , മുണ്ടയില്‍ സ്വദേശി വിഷ്ണു എന്ന കൊച്ചു വിഷ്ണു (25) , മണ്ണാറ സ്വദേശി മുഹമ്മദ് ആഷിഖ് (23) , കുറഞ്ഞിലക്കാട് സ്വദേശി സല്‍മാന്‍ (27), സലീം (25), നാച്ച എന്ന നാദിര്‍ഷ് (23), ശ്രീനിവാസപുരം കുറമണ്ഡലം സ്വദേശി നിഷാദ് (21), ഭൂതക്കുളം സ്വദേശി സന്ദേശ് (25) , വട്ടച്ചാല്‍ സ്വദേശിനി കൃഷ്ണപ്രിയ (21), മാവിന്‍ മൂട് ഷൈജു (37),ഷിനു എന്ന തമ്പി എന്നിവരാണ് നിലവിലെ പോലീസ് കുറ്റപത്രത്തിലെ 1 മുതല്‍ 11 വരെയുള്ള പ്രതികള്‍.

ആറ്റിങ്ങല്‍ ഡി വൈ എസ് പി തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കിയതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്. തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തലസ്ഥാന ജില്ലാ വിചാരണ കോടതി ഉത്തരവിട്ടിരുന്നു.